- ഷാമോൻ കോട്ടപ്പടി
കോട്ടപ്പടി : പ്ലാമുടിയിൽ മൂന്നാമത്തെ പുലി കൂടും ഇന്നലെ ശനിയാഴ്ച്ച രാത്രി വനം വകുപ്പ് സ്ഥാപിച്ചു. തൃശൂർ പീച്ചിയിൽ നിന്നും കൊണ്ടുവന്ന കൂട് സ്ഥാപിക്കുകയും, പുലിയെ ആകർഷിക്കുന്നതിനായി ഇരയെ ഇടുകയും ചെയ്‌തിട്ടുണ്ട്. അരമാസത്തിനുള്ളിൽ പ്ലാമൂടിയിൽ അഞ്ച് തവണ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് പുലിയെ പിടികൂടുന്നതിനായി ആദ്യത്തെ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലി ആക്രമണത്തിൽ പ്ലാമുടി ചെറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലിക്ക് പരിക്കേറ്റിരുന്നു.
ജനവാസ മേഖലയിൽ താമസിക്കുന്ന വീട്ടമ്മയെ കൃഷിയിടത്തിൽ വെച്ച് പുലി ആക്രമിച്ചു പരിക്കേപ്പിച്ചതിനെത്തുടർന്ന്, നാട്ടുകാർക്കിടയിൽ വൻ പ്രതിക്ഷേധം ഉണ്ടാകുകയും വനം വകുപ്പ് പുലിയെ പിടികൂടുവാനായി അന്ന് ചൊവ്വാഴ്ച്ച വൈകിട്ടോടുകൂടി തന്നെ രണ്ടാമത്തെ കൂടും പ്ലാമൂടിയിൽ സ്ഥാപിക്കുകയായിരുന്നു. രണ്ട് കൂട്ടിലും ഇരയെ ഇട്ട് അക്രമകാരിയായ പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചെങ്കിലും വിഫലമാകുകയായിരുന്നു. തുടർന്ന് പ്ലാമൂടിയിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് മൂന്നാമത്തെ കൂട് സ്ഥാപിക്കുവാൻ വനം വകുപ്പ് തയ്യാറായത്.
കഴിഞ്ഞ ദിവസം പലയിടത്തായി വൈഫൈ ക്യാമറകൾ, സെൻസർ സംവിധാനമുള്ള ക്യാമറ തുടങ്ങിയ നിരീക്ഷണ സംവിധാനങ്ങളും വനം വകുപ്പ് സ്ഥാപിച്ചു. രാത്രികാലങ്ങളിൽ പ്ലാമുടി, കല്ലുളി, കണ്ണക്കട, കഴുതപ്പാറ, കൂവക്കണ്ടം, കുർബാനപ്പാറ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വനം വകുപ്പ് ക്യത്യമായ രീതിയിൽ നിരീക്ഷണം നടത്തുകയും, കൂടാതെ പുലിക്കായുള്ള തിരച്ചിലും തുടരുകയാണ്. വരും ദിവസങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനും വനംവകുപ്പിന് ആലോചനയുണ്ട്. മൂന്ന് കൂടുകളും ശാസ്ത്രീയമായ നിരീക്ഷണവും കൂടിയാകുമ്പോൾ വരും ദിവസങ്ങളിൽ പുലിയെ പിടികൂട്ടുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.