കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തിലെ കാട്ടാന കൂട്ടങ്ങൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷിസ്ഥലങ്ങളും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് കാട്ടാനക്കൂട്ടം വിഹാരം നടത്തികൊണ്ടിരിക്കുന്നു . വാവേലി അരീക്കാട്ടിൽ ഓമനയുടെ പുരയിടത്തിലേയ്ക്കുള്ള ഗേയ്റ്റ് ആണ് കഴിഞ്ഞ പുലർച്ചെ ഇറങ്ങിയ ആനക്കൂട്ടം ചവിട്ടി തകർത്തത് അകത്തുകടന്നത്. മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പതിവായി എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞദിവസം വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ കാട്ടാനക്കൂട്ടത്തെ തുരത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് പുരയിടത്തിൽ കെട്ടിയിരിക്കുന്ന പശുക്കിടാവിനെ ആന മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയത്. ഓരോ അനിഷ്ടങ്ങൾ ഉണ്ടാകുമ്പോഴും യോഗങ്ങൾ വിളിച്ചുകൂട്ടി ആളുകളെ പറ്റിക്കുകയാണ് വനംവകുപ്പ് ചെയ്യുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു. വന മേഖലയോട് ചേർന്ന് വസിക്കുന്ന കർഷകരുടെ ജീവനും സ്വത്തിനും അധികാരികൾ സംരക്ഷണം ഒരുക്കണമെന്ന് പൊതുപ്രവർത്തകനായ ബിനിൽ വാവേലി ആവശ്യപ്പെട്ടു.