കോതമംഗലം: – കോട്ടപ്പടി, കൂവക്കണ്ടത്ത് വീട്ടുമുറ്റം വരെ എത്തിയ കാട്ടാന കൃഷി നാശം വരുത്തി, ഇന്ന് പുലർച്ചെയാണ് സംഭവം. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡായ പ്ലാമുടി, കൂവക്കണ്ടം ഭാഗത്തെ ജനങ്ങൾക്ക് വന്യമൃഗങ്ങളെ കൊണ്ടുള്ള ദുരിതം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. ഗ്രാമപ്രദേശമായ ഇവിടെ കൃഷിയാണ് പ്രധാന വരുമാനം. എന്നാൽ പകലന്തിയോളം പണിയെടുത്ത് ഉണ്ടാക്കുന്ന കാർഷിക വിളകൾ ആന, പന്നി തുടങ്ങിയ വന്യ മൃഗങ്ങൾ കോട്ടപ്പാറ വനമേഖലയിൽ നിന്ന് കൂട്ടമായി എത്തി നശിപ്പിക്കുകയാണ്.
കൂവക്കണ്ടം സ്വദേശി മത്തായി MT യുടെ പുരയിടത്തിൽ ഇന്ന് പുലർച്ചെ എത്തിയ കാട്ടാന മുറ്റത്തിന് സമീപം നിന്ന തെങ്ങും, വീടിൻ്റെ പല ഭാഗത്തായി നിന്ന വാഴകളും, ജലവിതരണ പൈപ്പുകളും നശിപ്പിക്കുകയായിരുന്നു. പ്രധാന റോഡും ,വിവിധ വീടുകളുടെ മുറ്റവും മറികടന്നാണ് ആനകൾ കൃഷിയിടത്തിലേക്ക് കടക്കുന്നത്. പെട്ടെന്ന് ഒരു അസുഖം വന്നാൽ രാത്രി ആശുപത്രിയിൽ പോകാൻ ആനയെപ്പേടിക്കണം. ടൗണിലെത്താൻ നല്ലൊരു വഴിയും വഴിവിളക്കുകൾ പോലും ഇല്ല. ജോലി കഴിഞ്ഞ് വീട്ടിലെത്താൻ ആനകൾക്കിടയിലൂടെയാണ് സഞ്ചരിക്കണം.
ആന, പന്നി തുടങ്ങിയ മൃഗങ്ങൾ ഒരു വീട്ടിലെ യെങ്കിലും കൃഷി വിളകൾ നശിപ്പിക്കാത്ത ദിവസങ്ങൾ കുറവാണ്. ഭയന്നു വിറച്ചാണ് വീടുകളിൽ കഴിയുന്ന തെന്നും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.