കോട്ടപ്പടി : കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറിൽ വീണ കാട്ടാനയെ തുറന്നുവിടുന്നത് സംബന്ധിച്ച് പഞ്ചായത്ത് സമിതി അംഗങ്ങളുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത് എന്ന മലയാറ്റൂർ ഡി എഫ് ഒ യുടെ വാദം ശുദ്ധ നുണയെന്ന് വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ. ആന കിണറ്റിൽ ചാടിയ സമയം മുതൽ മുഴുവൻ സമയവും വാർഡ് മെമ്പർ സ്ഥലത്തുണ്ടായിരുന്നു. കാട്ടാനയെ മയക്ക് വെടി പിടി വെച്ച് പിടികൂടി വനത്തിൽ കൊണ്ടുവിടുന്നതിനാണ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനം ഉണ്ടായത്. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും വാർഡ് മെമ്പർക്ക് ലഭിച്ചില്ല.
സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാർ ഏകപക്ഷീയമായി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ ആനയെ തുറന്നു വിടുകയായിരുന്നു. എന്നിട്ട് ഇപ്പോൾ ജനപ്രതിനിധികളുടെ സമ്മതത്തോടെയാണ് ആനയെ തുറന്നുവിട്ടത് എന്ന് പറയുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പത്രക്കുറിപ്പ് വനം വകുപ്പ് പിൻവലിക്കണമെന്ന് സന്തോഷ് അയ്യപ്പൻ ആവശ്യപ്പെട്ടു. എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗ തീരുമാനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്