- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന സമയത്തു കോവിഡ് രോഗികളെ ആശുപത്രിയിലേക്കും മറ്റു ആവശ്യങ്ങൾക്കും കൊണ്ട് പോകാൻ സ്വന്തം വാഹനം വിട്ടു നൽകിയവർക്ക് എതിരെ നിയമ നടപടിക്കു ഒരുങ്ങി മോട്ടോർ വാഹന ഡിപ്പാർട്മെന്റ്. കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ഒട്ടേറെ സ്വകാര്യവ്യക്തികളാണ് തങ്ങളുടെ സ്വന്തം വാഹനം വിവിധ സംഘടനകൾക്ക് സൗജന്യമായി വിട്ടു നൽകിയിട്ടുള്ളത്. ആരോഗ്യവകുപ്പും പഞ്ചായത്തും പൊലീസും കൊവിഡ് രോഗികളെ പോകുന്നതിന് ഈ സ്വകാര്യ വാഹനങ്ങളെയാണ് പലപ്പോഴും ആശ്രയിച്ചിരുന്നത് . കോട്ടപ്പടിയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്നതിനൊപ്പം മുട്ടത്തുപാറ ഭാഗത്തെ ഒരു പ്രദേശം രോഗവർദ്ധനവ് മൂലം അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്തുള്ള മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിന്റെ നടപടി കൊവിഡ് ബാധിച്ച സാധാരണക്കാരയിട്ടുള്ള ആളുകളെ വലയ്ക്കുമെന്ന് ഉറപ്പാണ്.
ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെ മലയോര മേഖലയായ കോതമംഗലത്തെ പലഭാഗത്തുനിന്നും തീർത്തും സൗജന്യമായി സേവനം നടത്തുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വാഹന ഡിപ്പാർട്ട്മെന്റ് നടപടി മൂലം പ്രവർത്തനം നിർത്തേണ്ട അവസ്ഥയിലാണ്. നാട്ടുകാർക്ക് തീർത്തും സൗജന്യ സേവനം നടത്തിയിരുന്ന കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച് കത്തോലിക്കാ പള്ളിയിലെ മിനി വാൻ അവസാനിപ്പിക്കാൻ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ് ഭാഗത്തുനിന്നും നടപടി വന്നുകഴിഞ്ഞു. കൊവിഡ് കാലം തുടങ്ങിയത് മുതൽ രോഗികൾക്ക് സഹായം ആയിരുന്ന വാഹനമാണ് മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിന്റെ ഇടപെടൽമൂലം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത്.
ആറ് മാസക്കാലമായി കോട്ടപ്പടി നിവാസികൾക്കു തീർത്തും സൗജന്യമായി സേവനം നടത്തിക്കൊണ്ടിരുന്ന വണ്ടിയാണ് വെഹിക്കിൾ ഇൻസ്പെക്ടർ നേരിട്ട് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർത്തേണ്ടി വന്നത്. ആരോഗ്യവകുപ്പും പഞ്ചായത്തും പൊലീസും കൊവിഡ് രോഗികളെ സ്ഥലത്തേക്ക് മാറ്റുന്നതിനായി പാതിരാത്രിയിലും തങ്ങളെ വിളിക്കുമായിരുന്നു. തീർത്തും സൗജന്യമായി കൊടുത്തിരുന്ന സേവനമാണ്. മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിന്റെ കടുത്ത നടപടി തീർത്തും കൊവിഡ് ബാധിതരായ സാധാരണക്കാരായ ആളുകളെ നട്ടം തിരിക്കും എന്നുറപ്പാണ് എന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. റോബിൻ പടിഞ്ഞാറെകുറ്റ് പറഞ്ഞു.
സ്വകാര്യ വാഹനങ്ങളിൽ എമർജൻസി ബോർഡ് വെച്ച് രോഗികളെ കൊണ്ടുപോകുന്നത് നിയമലംഘനമാണ്. അതുകൊണ്ടാണ് ബന്ധപ്പെട്ട അധികാരികളെ വിളിച്ച് സ്റ്റിക്കർ റിമൂവ് ചെയ്തു, സർവീസ് അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടുള്ളത് ആണെന്ന് കോതമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വെളിപ്പെടുത്തി.