കോതമംഗലം : അയിരൂര്‍പാടത്തെ അറുപത്തിയാറുകാരിയായ ആമിനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്ന തെളിവുകൾ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ചെന്നു സൂചന. ബലപ്രയോഗത്തിലൂടെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ
ഞായറാഴ്ച ഉച്ചയോടെ പശുവിന് കൊടുക്കാൻ പുല്ല് അരിയാൻ പോയ അയിരൂർപാടം
പാണ്ടാര്യപ്പിള്ളി പരേതനായ അബ്ദുൾഖാദറിന്റെ ഭാര്യ ആമിനയെ പാടത്തിനു
സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു സമീപമുള്ള
പാടത്ത് പുല്ല് അരിയാന്‍ പോയ ആമിനയെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
ആമിനയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് കണ്ടതാണ്സംശയത്തിന് കാരണമായത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന തോട്ടില്‍ വളരെക്കുറച്ചുമാത്രം വെള്ളമുണ്ടായിരുന്നത് ആദ്യംതന്നെ സംശയത്തിനിടയാക്കിയിരുന്നു. അതേസമയം ശരീരത്തില്‍ ബാഹ്യമായ പരുക്കുകളില്ലായിരുന്നുവെന്നാണ് വിവരം. മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് കുറച്ചുമാറി പുല്ലുകെട്ടും, അരിവാളും കിടപ്പുണ്ടായിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. റോണി എന്ന നായ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് നിന്ന് മണം പിടിച്ച് ജനവാസ കേന്ദ്രത്തിന് സമീപംവരെ എത്തി. കോതമംഗലം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.