കോതമംഗലം: സെവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം വിവേകാനന്ദ വിദ്യാലയത്തിലെ യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണിയോടനുബന്ധിച്ചാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മുത്തശ്ശി സംഗമം നടത്തിയത്. വിദ്യാർത്ഥികൾ അവരുടെ മുത്തശ്ശിമാരെയും കൂട്ടി വരികയും,
ദീപപ്രോജ്വലനവും പ്രാർത്ഥനയും നടത്തി. മുത്തശ്ശിമാരുടെ പാദ പൂജ ചെയ്ത് അനുഗ്രഹം വാങ്ങിയ ശേഷം നടന്ന ഗ്രാജുവേഷൻ സെറിമണി എം എ കോളേജ് മുൻ പ്രിൻസിപ്പാളും വിദ്യാലയ സമിതി പ്രസിഡന്റുമായ ഡോ: ഡി രാധാകൃഷ്ണൻ നായർ ഉത്‌ഘാടനം ചെയ്തു.
തുടർന്ന് നടന്ന “മുത്തശ്ശി സംഗമത്തിൽ ” ഗ്രാമ വികാസ് സമിതി പ്രസിഡന്റ് കെ ജി സുഭഗൻ മുഖ്യപ്രഭാഷണം നടത്തി. മുത്തശി സംഗമത്തിൽ മുത്തശ്ശിമാർ അവരുടെ ചെറുപ്പക്കാല ജീവിതത്തെക്കുറിച്ചും, ചെറുമക്കളുളോടൊത്തുള്ള ജീവിതത്തെക്കുറിച്ചും, പാദപൂജ ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളും പങ്കുവച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപിക പി എസ് ശ്രീകല, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന രക്ഷാധിക്കാരി എൻ സത്യൻ, മാതൃസമിതി ജില്ലാ സമിതിയംഗം ദീപ ജി നായർ, ഇ കെ അജിത്കുമാർ, മായ മനോജ്, ശ്രീദേവി മുരളി, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.