കോതമംഗലം : പതിനായിരക്കണക്കിന് ആനയുടെ ശില്പങ്ങൾ തടിയിൽ ഒരുക്കിയ ഒരു ശില്പിയുണ്ട് കോതമംഗലം വാരപ്പെട്ടിയിൽ. കോതമംഗലം വാരപ്പെട്ടി മൈലമൂട്ടിൽ സുദർശനൻ എന്ന സുദൻ തടിയിൽ കവിത രചിക്കുകയാണ്. ഇദ്ദേഹം തൊട്ടാൽ ഏത് തടിയും ശിൽപമാകും. തന്റെ 13 മത്തെ വയസിൽ തുടങ്ങിയ ശിൽപ നിർമാണം ഇപ്പോൾ 66 ാം വയസിലും തുടരുകയാണ്. ആനപ്രേമികളുടെ ഇടയിൽ സുദന്റെ ശിൽപത്തിന് ഡിമാൻഡേറെയാണ്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സുദൻ ശിൽപ നിർമാണത്തിനായാണ് കോതമംഗലം,വാരപ്പെട്ടിയിൽ താമസിക്കുന്നത്. 1970 കളിൽ അമേരിക്കയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആന ചിഹ്നമായതോടെ ആയിരക്കണക്കിന് ആനകളുടെ ശിൽപങ്ങൾ കൊച്ചിയിൽ നിന്നും കയറ്റി അയച്ചു. അന്ന് നിരവധിയാളുകൾ ആന ശിൽപ നിർമാണം പഠിക്കാൻ കൊച്ചിയിൽ എത്തിയിരുന്നു. ആദ്യം പഠിച്ചത് ആന നിർമാണമായതിനാലാണ് ഏറ്റവും കൂടുതൽ ആനകളെ നിർമിക്കുന്നത്.
ശിൽപനിർമാണം പഠിച്ചെങ്കിലും വിൽപന കുറവായതിനാൽ നിരവധിയാളുകളാണ് ഈ മേഖല ഉപേക്ഷിച്ചത്. ഇത്തരത്തിൽ നിർമാണം ഉപേക്ഷിച്ച മൂന്നുപേരെ സുദൻ വീണ്ടും ശിൽപനിർമാണത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഒന്നേകാൽ ടൺ ഭാരമുള്ള അഞ്ചര അടി ഉയരമുള്ള കൊമ്പനാന ആണ് സുദൻ നിർമിച്ച ഏറ്റവും വലിയ ശിൽപം. നാല് മാസമെടുത്തു ഇത് പൂർത്തിയാക്കാൻ. ഈട്ടി, വാക, പുളി, കുമ്പിൾ, തേക്ക് തുടങ്ങിയ മരങ്ങളാണ് പ്രധാനമായും ശിൽപ നിർമാണത്തിന് ഉപയോഗിക്കുന്നത്. 50 ഗ്രാം തൂക്കവും ഒന്നര ഇഞ്ച് വലിപ്പവുമുള്ള കുഞ്ഞൻ ആനകളും സുദൻ നിർമിക്കുന്നുണ്ട്. ഇത് നിർമിക്കാൻ സുദന്‍ ഒരു ദിവസം മതി. പല വലിപ്പത്തിലുള്ള അഞ്ഞൂറിലധികം ആനയുടെ ശിൽപങ്ങൾ, കരടി, സിംഹം, കടുവ, പുലി, പാമ്പ്, മാൻ, മത്സ്യം, മുരുകൻ, ഗണപതി, തിരുപ്പതി, കുരിശിൽ തൂങ്ങിയ രൂപം, ലാസ്റ്റ് സപ്പർ തുടങ്ങിയ വിഗ്രഹങ്ങളും ഇപ്പോൾ സുദന്റെ നിർമാണശാലയിലുണ്ട്.
സുദന്റെ അച്ഛനും അപ്പൂപ്പനും കുമ്മായം ഉപയോഗിച്ച് വീടുകളിൽ അലങ്കാരമൊരുക്കിയിരുന്നു. ഇതിൽ നിന്നാണ് ശിൽപ നിർമാണത്തിലേക്കുള്ള സുദന്റെ തുടക്കം. 56 വർഷമായി സുദന്റെ ഏക വരുമാന മാർഗമാണ് ശിൽപനിർമാണം. നിർമിക്കുന്ന ശിൽപം വിറ്റുപോകാത്തതാണ് ഈ മേഖലയിലെ പ്രതിസന്ധി. തങ്ങളുടെ പ്രതിസന്ധി അറിഞ്ഞ് ആന പ്രേമിയായ ഇവിഎം ഗ്രൂപ്പ് ഉടമ എടയ്ക്കാട്ടുകുടി ജോസ് അടക്കമുള്ളവർ ലക്ഷങ്ങളുടെ ശിൽപം വാങ്ങാറുണ്ടെന്ന് സുദൻ പറഞ്ഞു. 2018 ൽ എറണാകുളം മറൈൻഡ്രൈവിൽ നടന്ന എക്സിബിഷനിൽ മൂന്ന് ദിവസം കൊണ്ട് മൂന്നടി ഉയരമുള്ള ആനയെ നിർമിച്ചത് അന്ന് വലിയ വാർത്തയായിരുന്നു. ജനുവരി 11ന് നങ്ങേലിപ്പടിയിൽ ശിൽപ വിൽപനയ്ക്കായി സ്റ്റാൾ തുറക്കാനൊരുങ്ങുകയാണ് സുദൻ.
ചിത്രം : സുദന്‍ താന്‍ നിര്‍മിച്ച ശില്പ്പങ്ങള്ക്കരികില്