കോതമംഗലം : കോതമംഗലം നഗരസഭയിൽ ടൗൺ,തങ്കളം,ഹൈറേഞ്ച് ബസ് സ്റ്റാൻഡുകളിൽ ബസ്സുകളുടെ പ്രവേശനം,സ്റ്റാൻഡിലെ പാർക്കിംഗ് സമയം,നഗരത്തിലെ ഗതാഗത തടസ്സം ഒഴിവാക്കൽ എന്നീ കാര്യങ്ങളിൽ ട്രാഫിക് കമ്മിറ്റിയുടെ തീരുമാനം 2023 ജനുവരി 01 മുതൽ പ്രാബല്യത്തിലാക്കാൻ തീരുമാനിച്ചു.നഗരസഭ ചെയർമാൻ്റെ ചേമ്പറിൽ കൂടിയ യോഗത്തിൽ ആൻ്റണി ജോൺ എം എൽ എ,നഗരസഭ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,രമ്യ വിനോദ്,ബിൻസി തങ്കച്ചൻ,സിജോ വർഗീസ്,നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക്,ആർ ടി ഒക്കു വേണ്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഇബ്രാഹിംകുട്ടി,പോലീസ് ഇൻസ്പെക്ടർ ഏലിയാസ് ജോർജ്,കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ ഉമ്മൻ മാത്യു,ബസ് ഉടമകൾക്കു വേണ്ടി സി പി സാമുവൽ,സി ബി നവാസ്,ജോജി ഇടാട്ട്,പാസഞ്ചേഴ്സ് അസോസിയേഷന് വേണ്ടി കുഞ്ഞിതൊമ്മൻ,സാജു കെ പി എന്നിവർ പങ്കെടുത്തു.2018 ൽ കളക്ട്രേറ്റിൽ എം എൽ എ യുടെ നേത്യത്വത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും,വ്യാപാരി സംഘടനകളുടെയും,ബസ് ഉടമകളുടെയും യോഗത്തിൽ ഉണ്ടായ തീരുമാനങ്ങളുടെയും കൂടി അടിസ്ഥാനത്തിൽ കോതമംഗലം നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങളാണ് 01/01/2023 ൽ നടപ്പിലാക്കുന്നത്.
തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
1)കിഴക്ക് ദിശയിൽ നിന്ന് വരുന്ന ബസുകൾ ഹൈറേഞ്ച് സ്റ്റാൻഡിലും ടൗൺ സ്റ്റാൻഡിലും ആളെ ഇറക്കി തങ്കളം സ്റ്റാൻഡിൽ പാർക്ക് ചെയ്യുക.ദീർഘ ദൂര ബസുകൾ ഹൈറേഞ്ച് സ്റ്റാൻഡ്, ടൗൺ സ്റ്റാൻഡ് വഴി യാത്ര തുടരുക.
2)പടിഞ്ഞാറ് ദിശയിൽ നിന്ന് വരുന്ന ബസുകൾ(മുവാറ്റുപുഴ,പെരുമ്പാവുർ ഭാഗത്തുനിന്ന് വരുന്ന ബസ് )ടൗൺ സ്റ്റാൻഡിൽ പ്രവേശിച്ച് ഹൈറേഞ്ച് സ്റ്റാൻഡിൽ പോയി പാർക്ക് ചെയ്യുക/ യാത്ര തുടരുക.ദീർഘ ദൂര ബസുകൾ ടൗൺ സ്റ്റാൻഡ്,ഹൈറേഞ്ച് സ്റ്റാൻഡ് വഴി യാത്ര തുടരുക.
3)വടക്ക് ദിശയിൽ നിന്ന് വരുന്ന ബസുകൾ മലയിൻകീഴ് ബൈപാസ് – കോഴിപ്പിള്ളി കവല വഴി ഹൈറേഞ്ച് മെയിൻ സ്റ്റാൻഡിലും പ്രവേശിച്ച് ടൗൺ സ്റ്റാൻഡ് വഴി തങ്കളം സ്റ്റാൻഡിൽ പാർക്ക് ചെയ്യുക.
4)കോതമംഗലത്തു നിന്ന് തുടങ്ങി ചേലാട് ഭാഗത്തേക്കുള്ള ബസുകൾ തങ്കളം സ്റ്റാൻഡിൽ നിന്ന് തുടങ്ങി,എ എം റോഡ് വഴി ടൗൺ സ്റ്റാൻഡിൽ പ്രവേശിച്ച് ഹൈറേഞ്ച് കവല,സെൻ്റ് ജോസഫ് ആശുപത്രി വഴി അതാത് സ്ഥലത്തേക്ക് പോകുക.
5)ഹൃസ്വ ദുര ബസുകൾ പരമാവധി 3 മിനിറ്റും,ദീർഘദൂര ബസുകൾ 5 മിനിറ്റും മാത്രമേ ടൗൺ സ്റ്റാൻഡിൽ പാർക്കിംഗ് ചെയ്യാൻ പാടുള്ളു.
6)മുവാറ്റുപുഴ,പെരുമ്പാവൂർ തുടങ്ങിയ ടൗണിലൂടെ പടിഞ്ഞാറു ഭാഗത്തേക്കുള്ള ബസുകൾ ഹൈറേഞ്ച് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് ടൗൺ സ്റ്റാൻഡിൽ പ്രവേശിച്ച് അതാത് സ്ഥലത്തേക്ക് യാത്ര തുടരേണ്ടതാണ്.