കോതമംഗലം: കോതമംഗലത്ത് പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നത്. 8 സ്ഥലങ്ങളിലായി 21 വാണിങ്ങ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ബിഷപ്പ് ഹൗസ് ജംഗ്ഷൻ,മലയിൻകീഴ് ജംഗ്ഷൻ,വിമലഗിരി സ്കൂൾ ജംഗ്ഷൻ,എം എൽ എ ഓഫീസ് ജംഗ്ഷൻ,ശോഭന സ്കൂൾ ജംഗ്ഷൻ,നെല്ലിക്കുഴി,തങ്കളം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഈ പ്രദേശങ്ങളിൽ ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ ഇല്ലാത്തതു മൂലം വലിയ അപകട സാധ്യത നിലനിൽക്കുകയാണ്. ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടു കൂടിയിട്ടാണ് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.ആദ്യ ഘട്ടമായി ഹൈറേഞ്ച് ജംഗ്ഷനിൽ ട്രാഫിക് വാണിങ്ങ് ലൈറ്റ് സ്ഥാപിച്ചിരുന്നു.മറ്റ് ജംഗ്ഷനുകളിലും ഈ പ്രവർത്തനം വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എം എൽ എ പറഞ്ഞു.
