കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ രണ്ടാം റീച്ചിന്റെ നിർമ്മാണത്തിന്(കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ)10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി ആയി ധനകാര്യ വകുപ്പ് മന്ത്രി റ്റി എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
കോതമംഗലം പട്ടണത്തിന്റെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പ്രദേശത്തിന്റെ വികസന കുതിപ്പിന് കരുത്ത് പകരുന്നതുമായ ന്യൂ ബൈപ്പാസിന്റെ രണ്ടാം റീച്ചിന്റെ നിർമ്മാണത്തിനായി 2019 – 20 ബഡ്ജറ്റിൽ എസ്റ്റിമേറ്റ് തുകയായ 10 കോടിയുടെ 20% നീക്കി വച്ചിട്ടുള്ളതാണെന്നും ഇതു സംബന്ധിച്ച് സെക്രട്ടറിയേറ്റിൽ പൊതുമരാമത്ത് വകുപ്പിൽ ജി 3/578/2019 നമ്പർ പ്രകാരവും,ധനകാര്യ വകുപ്പിൽ ഐ & പി ഡബ്ല്യൂ ഡി B1/11/2020 നമ്പർ പ്രകാരവുമുള്ള ഫയലിൽ അടിയന്തിര അനുമതി നൽകണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രസ്തുത പ്രവർത്തിയുടെ പ്രാധാന്യം സർക്കാരിന് ബോധ്യമുണ്ടെന്നും,സാമ്പത്തിക പ്രതിസന്ധി ഉണ്ടങ്കിലും പ്രസ്തുത പ്രവർത്തിയുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും ധനകാര്യ വകുപ്പ് മന്ത്രി റ്റി എം തോമസ് ഐസക് ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.