കോതമംഗലം : എറണാകുളം കുണ്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോതമംഗലം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. തങ്കളം കരിമല പുത്തൻപുരയ്ക്കൽ ഹംസയുടെ മകൻ അജ്മൽ (18), തൃക്കാരിയൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
ഇന്നലെ(തിങ്കൾ) രാത്രിയാണ് അപകടം നടന്നത്. അജ്മൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഭിജിത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന്(ചൊവ്വ) ഉച്ചയോടെ മരണത്തിന് കീഴടങ്ങി. അജ്മലും അഭിജിത്തും അടുത്ത സുഹൃത്തുക്കളായിരുന്നു. അജ്മലിന്റെ സഹോദരിയുടെ വിവാഹം ഞായറാഴ്ചയായിരുന്നു. തങ്കളത്തെ വീട്ടിലായിരുന്ന സഹോദരിയുടെ മൊബൈൽ ഫോൺ നൽകുന്നതിനായാണ് അജ്മൽ സുഹൃത്തായ അഭിജിത്തിനെയും കൂട്ടി സഹോദരിയുടെ ഭർതൃവീട്ടിലേക്ക് പോയത്. തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.