കോതമംഗലം: കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ കോതമംഗലം താലൂക്ക് ഓഫീസ്, മുനിസിപ്പൽ ഓഫീസ്, പഞ്ചായത്ത് ഓഫീസുകൾ എന്നിവ ഭാഗികമായി മാത്രമെ പ്രവർത്തിച്ചിരുന്നുള്ളു. ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ രാവിലെ 10 മണി മുതൽ ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.
ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായി കോതമംഗലം തഹസിൽദാർ റെയ്ചൽ കെ വർഗീസിന്റെ നിർദ്ദേശാനുസരണം കോതമംഗലം താലൂക്കാഫീസും പരിസരവും കോതമംഗലം അഗ്നി രക്ഷാ സേന അണുനശീകരണം നടത്തി. സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ കെ എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സിദ്ധീഖ് ഇസ്മയിൽ, സി എസ് അനിൽകുമാർ, ജി ഉണ്ണികൃഷ്ണൻ എന്നിവർ അണു നശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
കോതമംഗലം താലൂക്കിലെ 13 വില്ലേജ് ഓഫീസുകളിലും പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് തഹസിൽദാർ റെയ്ചൽ കെ വർഗീസ് അറിയിച്ചു. മുനിസിപ്പൽ ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവയും പ്രവർത്തിക്കും. കൊവിഡ് 19 രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ നിർദേശിച്ചിട്ടുള്ള സുരക്ഷ ഉറപ്പു വരുത്തിയായിരിക്കും ഓഫീസുകളുടെ പ്രവർത്തനം നടത്തുക.