കോതമംഗലം : കോതമഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളിൽ നടന്നു.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രകാരം കോതമംഗലം താലൂക്കിലെ മൂന്ന് ബസ് സ്റ്റാന്‍ഡുകളിലേയ്ക്കും ബസുകള്‍ സര്‍വ്വീസുകള്‍ നടത്തണമെന്നും ആയത് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ്,പോലീസ് അധികൃതര്‍ നിലവില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തികൊണ്ട് പോകേണ്ടതാണെന്നും യോഗം തീരുമാനിച്ചു. മുവാറ്റുപുഴ ആർ റ്റി എ ബോര്‍ഡിന്റെ തീരുമാനം ലഭിക്കുന്നത് അനുസരിച്ച് എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനം കൈക്കൊണ്ടു.
കോതമംഗലം താലൂക്കിലെ അഞ്ചോളം പഞ്ചായത്തുകളില്‍ ജനവാസ മേഖലയില്‍ വന്യമൃഗശല്യം,പ്രത്യേകിച്ച് കാട്ടാന ശല്യം രൂക്ഷമാണെന്ന പരാതി വികസന സമിതിയില്‍ ഉയര്‍ന്നുവന്നു. കോട്ടപ്പടി പഞ്ചായത്തിലെ വനമേഖലയില്‍ അപകടകാരിയായ ചുള്ളിക്കൊമ്പന്‍ എന്ന് വിളിക്കപ്പെടുന്ന കാട്ടാനയുടെ ഉപദ്രവം ജനജീവന് ഭീഷണിയുള്ളതായും അഭിപ്രായം ഉയര്‍ന്നു.ബഹു. വകുപ്പ് മന്ത്രി മുമ്പാകെയും,ജില്ലാ വികസന സമിതി യോഗത്തിലും ടി പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതായും,അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും എം എല്‍ എ യോഗത്തില്‍ പറഞ്ഞു.വാരപ്പെട്ടി പഞ്ചായത്ത് പരിധിയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി ജലം നഷ്ടപ്പെടുന്നത് സംബന്ധിച്ച പരാതിയില്‍,വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് പ്രശ്ന പരിഹാരം കാണുവാന്‍ യോഗം തീരുമാനിച്ചിട്ടുള്ളതാണ്.
വാരപ്പെട്ടി വില്ലേജില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ കാലദൈര്‍ഘ്യം ഉണ്ടാകുന്നുവെന്നും,സേവനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആവശ്യമായ രീതിയില്‍ നല്‍കുന്നില്ലായെന്നുമുള്ള പരാതി വികസനസമിതി യോഗത്തില്‍ ഉയര്‍ന്നിട്ടുള്ളതാണ്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് തഹസിൽദാർ റേച്ചല്‍ കെ വര്‍ഗ്ഗീസ് യോഗം മുമ്പാകെ അറിയിച്ചിട്ടുള്ളതാണ്. നെല്ലിമറ്റം – ഉപ്പുകുളം – പെരുമണ്ണൂര്‍ – കൊണ്ടിമറ്റം റോഡിന്റെ നവീകരണം ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിട്ടുള്ളതാണ്. പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം കുറ്റമറ്റതായിരിക്കണമെന്നും, വീഴ്ചകള്‍ വരുന്നത് ഒഴിവാക്കണമെന്നും രാജ്യത്തിന്റെ പ്രധാനപ്പെട്ട ആഘോഷ ചടങ്ങുകളില്‍ ബന്ധപ്പെട്ട വകുപ്പ് തലങ്ങളില്‍ നിന്നും പരമാവധി ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും എം എല്‍ എ യോഗത്തില്‍ സമിതിയംഗങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സംസാരിച്ചു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നഷാദ്,മുവാറ്റുപുഴ എം എല്‍ എ പ്രതിനിധി അജു മാത്യു,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ബേബി പൗലോസ്,സാജന്‍ അമ്പാട്ട്,എ ടി പൗലോസ്,വി സി മാത്തച്ചന്‍,എം എസ് എല്‍ദോസ്,തഹസില്‍ദാര്‍ റേച്ചല്‍ കെ വര്‍ഗ്ഗീസ്,ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ എം ഹസന്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.