കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികള്‍ വലയുന്നു. തിരക്കുമൂലം മണിക്കൂറുകള്‍ കാത്തുനിന്നാണ് അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് ഡോക്ടറെ കാണുവാന്‍ സാധിക്കുന്നത്. ഒരു സമയത്ത് ഒരു ഡോക്ടറുടെ സേവനം മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്.
ഉച്ചയ്ക്ക് ഒന്നു വരെയാണ് ഒ പി സേവനമുള്ളത്. അതിന് ശേഷം എത്തുന്ന രോഗികളെല്ലാം അത്യാഹിത വിഭാഗത്തെയാണ് ആശ്രയിക്കുന്നത്. അപകടത്തില്‍പ്പെട്ടവരുള്‍പ്പെടെ അടിയന്തിര ചികിത്സ വേണ്ടവരും ആശുപത്രിയിലുള്ള കിടപ്പ് രോഗികളും കാഷ്വാലിറ്റി ഡോക്ടറെയാണ് ആശ്രയിക്കുന്നത്.
സായാഹ്ന ഒപി വേണമെന്ന ആവശ്യം നേരത്തെ മുതല്‍ ഉയരുന്നതാണ്. സായാഹ്ന ഒപി സൗകര്യമുണ്ടെങ്കില്‍ അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ കഴിയും. രാത്രി എട്ടിന് ആശുപത്രിയിലെ ഫാര്‍മസി അടക്കും. ഇതുമൂലം പിന്നീട് എത്തുന്ന രോഗികള്‍ പുറത്തുള്ള സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കുട്ടമ്പഴയിലെ ആദിവാസി മേഖലയില്‍നിന്ന് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്.






















































