കോതമംഗലം : കാലുകൊണ്ട് മൈതാനത്ത് അഭ്യാസം കാണിച്ചാണ് ഇംഗ്ലീഷ് താരം ബെക്കാം ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചതെങ്കിൽ, കോതമംഗലത്തെ കൊച്ചു ബെക്കാം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത് കൈ വിരൽ കൊണ്ടുള്ള അഭ്യാസം കൊണ്ടാണ്. കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ബെക്കാം ജെ മാലിയിൽ തൻ്റെ ചൂണ്ടുവിരൽ ഒരു മണിക്കൂർ പത്ത് മിനുട്ട് പത്ത് സെക്കൻ്റ് പുറകോട്ട് മടക്കി കൈപ്പത്തി യിൽ മുട്ടിച്ചു പിടിച്ചാണ് റെക്കോർഡ് നേടിയത്. റെക്കോർഡ് നേട്ടം കൈവരിച്ച് സ്കൂളിലും താരമായ ബെക്കാമിനെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്മരിയ ബെക്കാമിന് മെമൻ്റോ കൈമാറി. സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രഞ്ജിൽ റാണി പൊന്നാടയണിയിച്ചു. M ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപകരായ രാജി KC, ബിനിത എൽദോസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് സഹപാഠികളുടെയും, അധ്യാപകരുടെയും മുന്നിൽ തൻ്റെ മാന്ത്രിക വിരൽ കൊണ്ടുള്ള പ്രകടനവും ബെക്കാം അവതരിപ്പിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ലോക് ഡൗൺ കാലത്ത് തുടങ്ങിയ പരിശ്രമമാണ് വിജയം കണ്ടതെന്നും ബെക്കാം പറഞ്ഞു.