കോതമംഗലം: പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയ്യർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിനെ തേടി ഇക്കൊല്ലം എത്തിയത് 3 അവാർഡുകൾ. ഹയ്യർസെക്കണ്ടറി മേഖലയിലെ ഏറവും മികച്ച വോളന്റീയറിനുള്ള സംസ്ഥാന അവാർഡ്, വോളൻറീയർ ലീഡർ മാസ്റ്റർ ബേസിൽ ബിജു കരസ്ഥമാക്കി. ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള മദ്ധ്യ മേഖലാ അവാർഡ്, ശ്രീ ഷെറിൽ ജേക്കബിനാണ് ലഭിച്ചത്.
കോവിഡ് കാലത്ത്, അസാധാരണമായ സാമൂഹിക പ്രതിസന്ധിയിലൂന്നിയ പ്രവർത്തനങ്ങൾ നടത്തിയ പുതുപ്പാടി സ്കൂൾ തന്നെയാണ് മധ്യമേഖലയിലെ ഏറ്റവും മികച്ച NSS യൂണിറ്റ്. കോതമംഗലം ബസ് സ്റ്റാൻറിൽ വന്നു പോകുന്ന മുഴുവൻ ബസിലെയും ജീവനക്കാർക്ക് കോവിഡ് പ്രതിരോധ വസ്തുക്കളുടെ വിതരണം, 100 കുടുംബങ്ങൾക്ക് 1000 രൂപയുടെ വീതം ധനസഹായം എത്തിച്ചത്, നിർധനരായ വിദ്യാർത്ഥികൾക്ക് 1,70,000 രൂപയുടെ ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണം, ദത്തുഗ്രാമത്തിലും പരിസരത്തും, ഓട്ടോ തൊഴിലാളികൾക്കും മാസ്ക് , ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയുടെ വിതരണം, സ്കൂളിൽ പഠിക്കുന്നവർക്കും പൂർവ്വവിദ്യാർത്ഥികൾക്കുമായി , ഏർപ്പെടുത്തിയിട്ടുള്ള ചികിത്സാ പദ്ധതി, എന്നിവയാണ് യൂണിറ്റ് ചെയ്ത ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ.
ഇതു കൂടാതെ, കഴിഞ്ഞ 3 കൊല്ലമായി, 17 കുടുംബങ്ങൾക്ക് പ്രതിമാസം 500 രൂപ വീതം, പുതുപ്പാടി സ്കൂളിലെNSS യൂണിറ്റ് പെൻഷൻ നൽകി വരുന്നു. ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഈ യൂണിറ്റിന് 2019 -20 ലും 3 അവാർഡുകൾ ലഭിച്ചിരുന്നു.