കോതമംഗലം; സസ്പെൻസ് നിറച്ച് ‘ലൈറ്റ് ഓഫ് ദി ബിഗ്നിംഗ്’ മലയാളം വെബ്ബ് സീരീസ് ടീസർ.
ഇന്ന് രാവിലെ നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ഭീതി നിറഞ്ഞ മുഖഭാവങ്ങളോടെ പന്തവുമായി വനമധ്യത്തിൽ ആരെയോ തിരയുന്ന പെൺകുട്ടിയും എന്തോ കണ്ട് ഭയന്ന് ഓടുന്ന യുവാവും പിന്നാലെ ഇയാളുടെ അലർച്ചും അക്രമാസക്തനെന്ന് തോന്നിയ്ക്കുന്ന നായയും ആണ് ടീസറിലുള്ളത്.പശ്ചത്തല സംഗീതവും രംഗങ്ങളുടെ ആവിഷ്കാരവും എല്ലാം ഒത്തുചേരുമ്പോൾ മൊത്തത്തിൽ ഒരു സസ്പെൻസ് ത്രില്ലർ മൂഡാണ് ടീസർ പ്രേക്ഷർക്ക് സമ്മാനിയ്ക്കുന്നത്. ഹന്ന മീഡിയയാണ് സീരിസ് ഒരുക്കുന്നത്.
കഥ,തിരക്കഥ ,സംവിധാനം എന്നിവ നവാഗതനായ അഭിജിത്ത് പ്രകാശ് നിർവ്വഹിയ്ക്കുന്നു.മാധ്യമ പ്രവർത്തകൻ പ്രകാശ് ചന്ദ്രശേഖറിന്റെ മകനാണ്. അഫീദ് റഹ്മാൻ (ക്യാമറ),വൈശാഖ് എം എസ് ( എഡിറ്റിംഗ്)അനന്തു എസ് ആചാര്യ(ബീജിഎം)ശ്യാം സുരേന്ദ്രൻ,സൻഞ്ജു ഷൈൻ,അശ്വതി സൻഞ്ജു,(സാങ്കേതിക സഹായം)എന്നിവരാണ് പ്രധാനമായും അണിയറയിൽ ഉള്ളത്.അഭിനേതാക്കൾ-ലിജോ ജോൺസൺ,അജിത് എം എസ്,എബിൻ എൽദോസ്,ജീവൻ ജോസഫ്,ലിജിൻ ജോൺസൺ,സാദത്ത് സമിൻ,നിതിൻ ഷാജു,ശ്രീപ്രിയ ഷാജി,നീതു ചന്ദ്രൻ,ദേവിക ഷാജി.
നഗര ജീവിതത്തിൽ നിന്നും ഒരു പ്രത്യേക സാഹചര്യത്തിൽ വനത്തിലകപ്പെടുന്ന ഒരു യുവാവിന്റെ അതിജീവന പോരാട്ടമാണ് കഥയിലെ മുഖ്യ വിഷയം. കാടിന്റ പ്രത്യേകത മൂലം പുറത്തിറങ്ങുന്നതിനുള്ള യുവാവിന്റെ ശ്രമങ്ങൾ പലവട്ടം പാഴാവുന്നു.ഇതിന്റെ പിന്നിലെ കാര്യ-കാരണങ്ങൾ അനാവരണം ചെയ്യുന്നതാണ് തുടർന്നുള്ള രംഗങ്ങൾ.ഓരോ സീനിലും ആകാംക്ഷ നിറച്ചാണ് കഥ മുന്നോട്ടുപോകുന്നത്. സംവിധായകൻ അഭിജിത്ത് പറഞ്ഞു. പഠനകാലം മുതൽ ഉള്ളിൽ കൊണ്ടു നടന്ന കഥയാണ് വെബ്ബ് സീരീസിലേയ്ക്ക് രൂപ മാറ്റം വരുത്തുന്നത്.
മനസ്സിൽ കൂടിയിരുത്തിയ കഥാപാത്രങ്ങൾക്ക് രൂപവും ഭാവവും പകരുന്ന ഒരു കൂട്ടം അഭിനേതാക്കളെ ഇപ്പോൾ ഒത്തുകിട്ടി. ഇത് നല്ല തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിജിത്ത് കൂട്ടിച്ചേർത്തു. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലർ മൂഡിലുള്ള വെബ്ബ് സീരീസ് എല്ലാത്തരം കാഴ്ചക്കാരെയും ആകർഷിക്കുന്ന തരത്തിൽ പുറത്തിറക്കുന്നതിനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. മൂലമറ്റത്തിനടുത്ത് പ്രകൃതി മനോഹരമായ പ്രദേശമാണ് സീരിസിന്റെ പ്രധാന ലൊക്കേഷൻ.