കോതമംഗലം : കോതമംഗലത്ത് മോഷണക്കേസിൽ രണ്ടു പ്രതികൾക്ക് രണ്ട് മാസത്തിനുള്ളിൽ ശിക്ഷ. ഇരമല്ലൂർ നെല്ലിക്കുഴി കൂമുള്ളും ചാലിൽ രാഹുൽ (മുന്ന 26), ഇരമല്ലൂർ ഇളമ്പറക്കുടി സലിം (31) എന്നിവരെയാണ് കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. രാഹുലിന് നാല് മാസം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. സലിമിന് നാല് മാസം തടവും അയ്യായിരം രൂപ പിഴയും. കഴിഞ്ഞ ഡിസംബറിൽ കോതമംഗലം കീർത്തി ബസാറിലെ ഇടനാഴിയിൽ വച്ച് യുവാവിനെ ആക്രമിച്ച് സ്വർണ്ണ മാല കവർന്ന കേസിലെ പ്രതിയാണ് രാഹൂൽ. 2018 ൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ഇയാൾ. സെഷൻസ് കോടതി രാഹൂൽ ഉൾപ്പടെ നാല് പേരെ ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. തുടർന്നാണ് ആക്രമിച്ച് മോഷണം നടത്തിയത്.
കഴിഞ്ഞ ഡിസംബർ 26 ന് ആണ് ചിറപ്പടി ഭാഗത്തെ വീട്ടുമുറ്റത്ത് നിന്ന് സലിം മാരുതി കാർ മോഷ്ടിച്ചത്. സംഭവം നടന്ന് ഉടനെ തന്നെ പ്രതികളെ പിടികൂടുകയും ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് ദിവസത്തിനുള്ളിൽ കോതമംഗലം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ മാഹിൻ സലിം, ഇ.പി.ജോയി, ഷാജി കുര്യാക്കോസ് എ.എസ്.ഐ മാരായ വി.എം.രഘുനാഥ്, വി.എം.മുഹമ്മദ് സി.പി.ഒ മിഥുൻ ഹരിദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.