കോതമംഗലം: കൈകൂലി ചോദിച്ചത് കൊടുക്കാത്തതിന് കോതമംഗലം പോലീസ് എഎസ്സ് ഐ യുടെ ഭീഷണിയുള്ളതായി പരാതി. കോതമംഗലം അയക്കാട് പുതുശ്ശേരിയിൽ നന്ദു രാജേഷിനാണ് കോതമംഗലം എ എസ് ഐ വിനാസിൻ്റെ ഭീഷണിയെ തുടർന്ന് ഉന്നത അധികാരികൾക്ക് പരാതി നൽകേണ്ടി വന്നത്.
നന്ദു രാജേഷിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും അന്യായമായി തടഞ്ഞു വയ്ക്കുകയും ചെയ്തു എന്നും , തന്നോട് കളിച്ചാൽ കള്ളക്കേസിൽ പെടുത്തി ജയിലിൽ അടയ്ക്കുമെന്നാണ് കോതമംഗലം എ എസ് ഐ വിനാസ് ഭീഷണി മുഴക്കുന്നത് എന്ന് നന്ദു പരാതിയിൽ പറയുന്നു. തനിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും തനിക്കിപ്പോൾ പണം ആവശ്യമാണെന്നും പറഞ്ഞ പണം കൃത്യമായി എത്തിച്ചില്ല എങ്കിൽ ഇവിടെ വരുന്ന സകല കേസുകളിലും, തെളിയാതെ കിടക്കുന്ന ആയിരൂർപ്പാടം കൊലക്കേസ് സഹിതം നിന്റെ തലയ്ക്ക് ചാർത്തി വച്ച് തരുമെന്നും, നീ ഇനി പുറം ലോകം കാണില്ലെന്നും പറഞ്ഞാണ് എ എസ് ഐ വിനാസ് ഭീഷണി മുഴക്കുന്നത് എന്ന് ഉന്നത പോലീസ് അധികാരികൾക്ക് കൊടുത്ത പരാതിയിൽ വെളിപ്പെടുത്തുന്നു.
നന്ദു രാജേഷിൻ്റെ ഭാര്യയെ പല തവണ ഫോണിൽ വിളിച്ചും ഇയാൾ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞതായും , ഭാര്യക്കും കുട്ടികൾക്കും വരെ ഇയാളുടെ ഭീഷണിമൂലം സ്വസ്ഥത ഇല്ലാതായിരിക്കുകയാണ് എന്ന് നന്ദു പരാതിയിൽ പറയുന്നു. എ എസ് ഐ വിനാസിൻ്റെ ഭീഷണിയുമായി ബന്ധപ്പെട്ട് നന്ദു രാജേഷ് എറണാകുളം റൂറൽ എസ്പിക്കും പോലീസ് കംപ്ലയിൻ്റ് അതോറിറ്റിക്കും പരാതി നൽകി. പോലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി മൂലം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരൻ്റെ ആവശ്യം.