കോതമംഗലം: സർക്കാരിൻ്റെ പാഠ്യവിഷയത്തിൽ പ്രഥമ ശുശ്രൂഷ വിഷയം കൂടി ഉൾപ്പെടുത്തുന്നമെന്ന ഏഴാം ക്ലാസ്സുകാരി വിദ്യാർത്ഥിനിയുടെ ആവശ്യം അംഗീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ പിണ്ടിമന ഗവ. യു പി സ്കൂൾ വിദ്യാർത്ഥിനി വൈഗ അനിഷ് ആണ് മന്ത്രിക്ക് തൻ്റെ ആവശ്യം ഉന്നയിച്ച് കത്തയച്ചത്. കഴിഞ്ഞ ഒന്നര വർഷമായി സ്കൂളുകളിൽ പോകാതെ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പെട്ടെന്നുണ്ടാകുന്ന വൈദ്യുതാഘാതം ,പൊള്ളൽ ,മുറിവ് ,ചതവ് മറ്റ് അകടങ്ങൾ തുടങ്ങിയവക്ക് വിക്ടേഴ്സ് ചാനലിലൂടെ പ്രഥമ ശുശ്രൂഷ വിഷയത്തിൽ ക്ലാസ്സ് നൽകണമെന്ന് വൈഗ കത്തിൽ ആവശ്യപ്പെടുന്നു.
ഇത്തരം ക്ലാസ്സുകൾവഴി ആകസ്മികമായി ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും പലരുടെയും ജീവൻ രക്ഷിക്കാൻ കഴിയും എന്ന് വൈഗ അഭിപ്രായപ്പെടുന്നു. കൂടാതെ ആരോഗ്യ സുരക്ഷക്കും പ്രാധാന്യം നൽകുന്ന വിഷയങ്ങളും ക്ലാസ്സിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.. ഇതിൽ യോഗ കലാ-കായിക വിഷയങ്ങളുടെ ക്ലാസ്സുകൾ ഉടൻ തുടങ്ങുമെന്ന് മന്ത്രിയുടെ മറുപടി വൈഗക്ക് ലഭിച്ചു. വൈഗയുടെ മറ്റ് നിർദേശങ്ങളും പരിഗണിക്കുമെന്ന് മന്ത്രി മറുപടി കത്തിൽ പറയുന്നു. പിണ്ടിമന ഗവ. യു പി സ്കൂൾ മാതൃഭൂമി സീഡ് പ്രോഗ്യമിൻ്റെ റിപ്പോർട്ടറാണ് വൈഗാ അനീഷ്.