കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ഭൂതത്താൻകെട്ടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവ്. മണലിക്കുടി എം.വി പൗലോസ് എന്ന കർഷകൻ സ്വന്തമായ ഒരേക്കർ കൃഷിയിടത്തിൽ ഏത്തവാഴ കൃഷിയുടെ ഇടവിളയായി ചെയ്ത നാംധാരി 295 ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്. പത്ത് കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള തണ്ണിമത്തൻ കാർഷിക വിപണയിലും, കൃഷിഭവന്റെ എക്കോ ഷോപ്പ്, കോതമംഗലത്തെ വിവിധ മാർക്കറ്റുകളിലും വിറ്റഴിക്കുന്നു. തണ്ണിമത്തൻ കൃഷിക്ക് പുറമെ പച്ചക്കറികൾ, പൈനാപ്പിൾ, ഫലവൃക്ഷങ്ങൾ തുടങ്ങീ വിവിധ കൃഷികളും ചെയ്തു വരുന്നു. ഏത്തവാഴ കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും പ്രചോദനമായ ഈ പരീക്ഷണ അടിസ്ഥാനത്തിലുള്ള കൃഷി മാതൃകപരമാണ്.
അടുത്ത വർഷം മുതൽ പഞ്ചായത്തിൽ വിവിധയിനം തണ്ണിമത്തൻ കൃഷി കൂടുതൽ വ്യാപിപ്പിച്ച് തണ്ണിമത്തൻ കൃഷി കൂട്ടങ്ങൾ സൃഷ്ടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്. തണ്ണിമത്തൻ പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ്, കർഷകൻ എം.വി.പൗലോസ്, ജോബിഷ് പി.ജോയി, രാധാ മോഹനൻ എന്നിവർ സംസാരിച്ചു.