പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ 2021-22 വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ അവാർഡിന് അർഹരായവരെ പിണ്ടിമന ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പരിധിയിൽ നിന്നും ജില്ലയിലെ മികച്ച കർഷകനായി ഒന്നാം സ്ഥാനത്തോടെ തെരെഞ്ഞെടുക്കപ്പെട്ട ഇ.എം മൈതീൻ ഇഞ്ചക്കുടി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർക്കുള്ള സംസ്ഥാന ജില്ലാതല അവാർഡ് ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കിയ കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച കിസ്സാൻ മേളയിൽ മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം നേടിയ കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കിസ്സാൻമിത്ര ഗ്രൂപ്പിനെയും ആദരിച്ചു.
പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ജെസ്സി.സാജു അവാർഡ് ജേതാക്കളെ ആദരിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സിബി.പോൾ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബേസിൽ എൽദോസ്, മേരി പീറ്റർ, മെമ്പർമാരായ റ്റി.കെ.കുമാരി, ലത ഷാജി, സി.ഡി.എസ് ചെയർപെഴ്സൺ ഉഷ ശശി, മോളി ജോസഫ്, രാധാ മോഹനൻ, വിവിധ ഫാർമേഴ്സ് ഗ്രൂപ്പ് അംഗങ്ങൾ, കാർഷിക വികസന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.അവാർഡിന് അർഹരായ കർഷകൻ ഇ.എം.മൈതീൻ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു, കിസ്സാൻ മിത്ര കൺവീനർ ഷീല ദിലിപ് എന്നിവർ മറുപടി പ്രസംഗം നടത്തി. കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.