കോതമംഗലം: പെരുമ്പാവൂർ – കോതമംഗലം റോഡിന്ന് മരണക്കിണറിന് സമമായി കഴിഞ്ഞിരിക്കുന്നു. ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് വ്യാപിച്ച് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ഒരു പ്രാവശ്യമെങ്കിലും ഈ റോഡിലൂടെ ഒരു പ്രാവശ്യമെങ്കിലും യാത്ര ചെയ്തവരോട് പ്രത്യേകം പറയേണ്ടതില്ല. പലയിടങ്ങളിലും റോഡ് പൂർണ്ണമായും തകർന്ന് കിടക്കുകയാണ്. ഈ റോഡിലെ കുഴികളിൽ ബൈക്ക് യാത്രികർ വീണ് പരിക്കേൽക്കുന്നത് നിത്യ സംഭവമായി മാറി കഴിഞ്ഞിരിക്കുന്നു. ഇന്ന് രാവിലെ ഓടക്കാലി ജംഗ്ഷന് സമീപമുള്ള കുഴിയിലകപ്പെട്ട ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോതമംഗലം പാലമറ്റം സ്വദേശി ഷാനു പൗലോസിന് പരിക്കേറ്റു.
മുൻപ് രൂപപ്പെട്ട കുഴികൾ അടച്ച ചെറിയ കല്ലുകൾ റോഡിൽ ചിതറി കിടക്കുന്നതും ബൈക്ക് യാത്രികർക്ക് ഭീഷണിയാണ്. അപകടങ്ങൾ നിത്യ സംഭവമാകുന്നതോടെ അടിയന്തര പ്രാധാന്യം നൽകി നിലവിലുള്ള റോഡിലെ മരണക്കുഴികൾ അടച്ചാൽ ദിനംപ്രതി കോതമംഗലം പെരുമ്പാവൂർ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ഭാഷ്യം.
നിലവിൽ കോതമംഗലം – പെരുമ്പാവൂർ റോഡ് ആധുനിക നിലവാരത്തിൽ നാല് വരിയായി നവീകരണത്തിനായി സർക്കാർ ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് നടപടി ക്രമങ്ങൾക്ക് കാലതാമസം ഉണ്ടാകുമെന്നതിനാൽ നിർമ്മാണത്തിന് കാലമേറെ ഇനിയും കാത്തിരിക്കേണ്ടി വരും.
അടിയന്തിരമായി കോതമംഗലം – പെരുമ്പാവൂർ റോഡ് നവീകരിക്കുന്നതിന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ 12.26 കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും, ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പെരുമ്പാവൂർ MLA എൽദോസ് കുന്നപ്പിള്ളിയും, കോതമംഗലം MLA ആന്റണി ജോണും പറഞ്ഞു.