കോതമംഗലം: കോതമംഗലം രൂപത വൈദികനായ ഫാ. ജോർജ് മലേപ്പറമ്പിൽ (33) അന്തരിച്ചു. സംസ്കാര ശുശ്രൂഷ 24 ന് (വ്യാഴാഴ്ച) കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ (23/3/22) വൈകുന്നേരം 5 മുതൽ രാത്രി 10 വരെ കരിമണ്ണൂർ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 24 ന് രാവിലെ 10 ന് മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം കരിമണ്ണൂരുള്ള മലേപ്പറമ്പിൽ എം.സി ജോസിന്റെ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 11 മുതൽ മൃതദേഹം കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും . സംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം ഉച്ചകഴിഞ്ഞ് 2 ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തും.
1988 ഓഗസ്റ്റ് 29ന് മലേപ്പറമ്പിൽ മാത്യു- വത്സമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഫെബി, ബിനു എന്നിവർ ജ്യേഷ്ഠ സഹോദരൻമാരാണ്. 2004 ജൂണിൽ കോതമംഗലം സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ച ഫാ.ജോർജ് മംഗലപ്പുഴ സെന്റ് ജോസഫ് , കുന്നോത്ത് ഗുഡ് ഷെപ്പേർഡ് എന്നീ സെമിനാരികളിൽ വൈദിക പരിശീലനം പൂർത്തിയാക്കി. 2015 ജനുവരി ഒന്നിന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽനിന്നും കൈവയ്പ് ശുശ്രൂഷ വഴി വൈദികപട്ടം സ്വീകരിച്ചു. തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈൻ വൈസ് റെക്ടർ, മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി, നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളി വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ 2020 വരെ വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ കാനൻ നിയമത്തിൽ ഉപരിപഠനം നടത്തി. തുടർന്ന് മാതൃവേദി രൂപതാ ഡയറക്ടർ, രൂപതാ ട്രൈബ്യൂണലിൽ നോട്ടറി, ജഡ്ജി എന്നീ നിലകളിലും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഊർജ്ജസ്വലനും കർമ്മനിരതനുമായ ഒരു യുവ വൈദികനെയാണ് ജോർജ് മലേപ്പറമ്പിൽ അച്ചന്റെ നിര്യാണത്തോടെ കോതമംഗലം രൂപതയ്ക്ക് നഷ്ടമാകുതെന്ന് രൂപത കേന്ദ്രം വാർത്താകുറിപ്പിൽ അറിയിച്ചു.
