കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന അടിവാട് ചിറക്ക് ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ 2021 -2022 വാര്‍ഷിക പദ്ധതിയില്‍ ചിറയുടെ സംരക്ഷണത്തിനായി 25 ലക്ഷം രൂപ വകയിരുത്തി. ഒരേക്കര്‍ 40 സെന്റ് ഉണ്ടായിരുന്ന പരമ്പരാഗത ജലസ്രോതസാണ് അടിവാട് ചിറ. എന്നാല്‍ കാലങ്ങളായുണ്ടായ കൈയേറ്റങ്ങളുടെ ഭാഗമായി ഇപ്പോള്‍ അവശേഷിക്കുന്നത് 72 സെന്റ് സ്ഥലം മാത്രമാണ്. മുന്‍ യുഡിഎഫ് ഭരണസമിതി ചിറ സംരക്ഷിക്കുന്നതില്‍ തികഞ്ഞ അവഗണനായിരുന്നു.
എന്നാല്‍, എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചിറക്ക് ചുറ്റുമുള്ള നടപ്പാതയില്‍ കട്ട വിരിക്കുക, മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, മാലിന്യനിക്ഷേപം തടയാന്‍ വല കെട്ടുക, സിസിടിവി ക്യാമറ സ്ഥാപിക്കുക, സമീപത്തുകൂടി ഒഴുകുന്ന കനാലിലെ വെള്ളം ചിറയില്‍ ചാടിച്ച് നീരൊഴുക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ചിറ സംരക്ഷണ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദും വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസും പറഞ്ഞു. കഴിഞ്ഞദിവസം തെക്കേക്കവല പ്ലേമേക്കേഴ്‌സ് ക്ലബ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ചിറ ശുചീകരിച്ചിരുന്നു.