കോതമംഗലം: കത്തോലിക്ക രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള സ്കൂളുകളിലെ മികച്ച പ്രധാന അധ്യാപികയായി വെളിയേൽച്ചാൽ സെൻ്റ്. ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീബ ജോസഫ് എസ്. ഡി തിരഞ്ഞെടുക്കപ്പെട്ടതിൽ വിദ്യാർത്ഥികളും നാട്ടുകാരും ഒരുപോലെ ആഹ്ലാദത്തിലാണ്. ഈ വർഷം ഏപ്രിൽ 30ന് പ്രധാന അധ്യാപിക പദവിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മികച്ച പ്രധാന അധ്യാപിക പുരസ്ക്കാരം ഷീബ സിസ്റ്ററെ തേടിയെത്തിയത്.
വെളിയേച്ചാൽ സെൻ്റ് ജോസഫ്സ് ഫൊറോനോ പള്ളിയുടെ കീഴിലുള്ള സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ പ്രധാന അധ്യാപിക പദവി ഏഴ് വർഷം മുൻപ് സിസ്റ്റർ ഷീബ ഏറ്റെടുക്കുമ്പോൾ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളിലും കുട്ടികളുടെ എണ്ണത്തിൻ്റെ കാര്യത്തിലും വളരെ പിന്നോക്ക അവസ്ഥയിൽ ആയിരുന്നു.
സ്കൂളിലെ പഴയകാല രേഖകൾ പരിശോധിച്ചും, വിവിധ മേഖലകളിലുള്ളവരെ ബന്ധപ്പെട്ടും പൂർവ്വ അധ്യാപക – വിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്കൂളിന് അടിമുടി മാറ്റങ്ങൾ വരുത്തി ഹൈസ്കൂളിനെ ഹൈ ലെവലിൽ എത്തിക്കുവാൻ സിസ്റ്റർ ഷീബക്ക് കഴിഞ്ഞുവെന്നതാണ് നാടിനും സഹ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സിസ്റ്റർ ഹെഡ്മിസ്ട്രസ്സ് ഇത്ര പ്രിയങ്കരിയാകാൻ കാരണം.
സ്കൂളിൽ ലൈബ്രറി, ലാബ്, കുട്ടികൾക്ക് കണ്ട് പഠിക്കുന്നതിനായി പ്രൊജക്ടർ, കോൺഫറൻസ് ഹാൾ, എന്നിവ നിർമ്മിക്കുവാനും, ജീർണ്ണാവസ്ഥയിലായിരുന്ന സ്കൂളിൻ്റെ മേൽക്കൂര പുതുക്കി പണിയുകയും ക്ലാസ് റൂമുകൾ ടൈലിട്ട് ഭംഗിയാക്കുവാനും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടോയ്‌ലറ്റുകൾ പുതിയതായി നിർമ്മിക്കുവാനും കഴിഞ്ഞത് സിസ്റ്റർ ഷീബയുടെ ആത്മാർത്ഥ ഇടപെടലുകളുടെ നേർക്കാഴ്ചകളാണ്. ഇക്കാലയളവിൽ വെളിയേൽച്ചാൽ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിനെ പി.ടി.എ യുടെ സഹകരണത്തോടെ
അധ്യാപക – വിദ്യാർത്ഥി സൗഹൃദ സ്കൂളാക്കി മാറ്റുവാൻ കഴിഞ്ഞതും സിസ്റ്റർ ഷീബയുടെ കരുതലാണ്.
