ദുബൈ: ജിതിൻ റോയ് എഴുതിയ ഇരുപത്തിമൂന്ന് വ്യത്യസ്തങ്ങളായ കവിതകളുടെ സമാഹാരം, “എന്റെ മൗനാക്ഷരങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും, മാർ അത്തനാസ്യോസ് എൻജിനീയറിങ് കോളേജ് ആലുംനൈ (MACE) യുഎഇ ചാപ്റ്ററിന്റെ ഭാഗമായി തുടങ്ങുന്ന ലിറ്ററേച്ചർ ക്ലബ്ബിന്റെ ഉത്ഘാടനവും മെയ് 25 ശനിയാഴ്ച ദുബൈയിൽ അക്കാഫ് അസ്സോസിയേഷൻ ഹാളിൽ വച്ച് നടന്നു.
ബഹുമാനപ്പെട്ട ഇടുക്കി MP ശ്രീ ഡീൻ കുര്യാക്കോസ്, കേരള സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ സെക്രട്ടറി ശ്രീ അജോയ് ചന്ദ്രൻ എന്നീ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സാഹിത്യകാരിയും സാമൂഹികപ്രവർത്തകയുമായ ശ്രീമതി ഷീല പോൾ, പുസ്തകത്തിന്റെ ആദ്യപ്രതി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീ സാദിഖ് കാവിലിന് നൽകിയാണ് പ്രകാശനചടങ്ങ് നിർവഹിച്ചത്. നൂറിൽ പരം ആളുകൾ പങ്കെടുത്ത വിപുലമായ ചടങ്ങിൽ MACE ആലുംനൈ യുഎ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സിബി ജോസഫ് അധ്യക്ഷനായി. സാമൂഹികപ്രവർത്തകനും അക്കാഫ് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ പോൾ ടി ജോസഫ് ഉത്ഘാടനകർമ്മം നിർവഹിച്ചു. ചിത്രകാരൻ ശ്രീ ഗിരീഷ് കെ വാര്യർ മനോഹരമായി പുസ്തക പരിചയം നടത്തി. ഗ്രന്ഥകർത്താവ് ശ്രീ ജിതിൻ റോയ് മറുമൊഴി പറഞ്ഞു.
എഴുത്ത്കാരൻ ജുബൈർ വെള്ളാടത്ത് സ്വാഗതവും, MACE ആലുംനൈ ജോയിന്റ് സെക്രട്ടറി ശ്രീ അശ്വിൻ ദാസ് നന്ദിയും പറഞ്ഞു. ശ്രീ മച്ചിങ്ങൽ രാധാകൃഷ്ണൻ ആയിരുന്നു പരിപാടിയുടെ അവതാരകൻ. പുസ്തകത്തിന്റെ മുഖചിത്രം വരച്ച ശ്രീ ഗിരീഷ് കെ വാര്യർക്ക് ഫലകം നൽകി ആദരിച്ചു.
ശ്രീ ജോൺ ഇമ്മാനുവേൽ, ശ്രീ ദീപു ചാക്കോ, ശ്രീമതി ലക്ഷ്മി ഷിബു, ശ്രീ നൗഷാദ് മുഹമ്മദ്, ശ്രീ ഫസൽ പ്രതീക്ഷ, ശ്രീ ബാലമുരളി ജയപ്രകാശ്, ശ്രീ പ്രവീൺ പൈ, ശ്രീ ബിജി എം തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
എല്ലാ കാലത്തും പ്രാധാന്യമർഹിക്കുന്ന വൈവിധ്യമാർന്ന പല വിഷയങ്ങളും പ്രതിപാദിക്കുന്ന ഈ കവിതകൾ, സ്ഥിരം ചട്ടക്കൂടുകൾക്കുള്ളിൽ നിന്നും വ്യത്യസ്തമായി, ലളിതമായി സാധാരണ ആസ്വാദകർക്കുള്ളിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. കോട്ടപ്പടിക്കാരനായ ജിതിൻ ദുബൈയിൽ ഓറിയന്റ് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്നു.
ചുരുങ്ങിയ കാലം കൊണ്ട് വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ അക്ഷരജാലകം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്