കോതമംഗലം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇന്നലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം വാക്കൗട്ട് നടത്തി. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വൈസ് ചെയര്‍പേഴ്‌സണിന് ചുമതല കൊടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട സംസാരിക്കുന്നതില്‍ സെക്രട്ടറി മറുപടി പറയുന്നത് തടസപ്പെടുത്തിയ സിപിഎം അംഗങ്ങളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വാക്കൗട്ട് നടത്തിയത്. നഗരസഭ ചെയര്‍മാന്റെ ഔദ്യോഗിക ഓഫീസ് ദുരുപയോഗം ചെയ്യുന്നതിനെയാണ് യുഡിഎഫ് ചോദ്യം ചെയ്തത്. ചെയര്‍മാന്റെ കാബിന് പുറത്ത് അദ്ദേഹത്തിന്റെ നെയിംബോര്‍ഡ് എടുത്തുമാറ്റി വൈസ് ചെയര്‍മാന്റെ പേര് പ്രതിഷ്ഠിച്ചത് നിയമപ്രകാരം ശരിയല്ലെന്ന് യുഡിഎഫ് പറഞ്ഞു. നഗരസഭയുടെ ഭരണം പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നടക്കുന്നില്ലെന്നും യുഡിഎഫ് ആരോപിച്ചു.
തെരുവ് നായ്ക്കളുടെ വ്യാപകമായ ആക്രമണം ഉണ്ടാകുന്‌പോള്‍ നിസംഗമായ നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വഴിവിളക്കുകള്‍ തെളിക്കുന്നതിന് നടപടിയെടുക്കാന്‍ നഗരസഭ അധികാരികള്‍ക്ക് കഴിയുന്നില്ലെന്നും യുഡിഎഫ് നഗരസഭാംഗങ്ങളായ ഷമീര്‍ പനയ്ക്കല്‍, ഷിജു ഏബ്രഹാം, ഷിബു കുര്യാക്കോസ്, ഭാനുമതി രാജു, പ്രവീണ ഹരീഷ്, നോബ് മാത്യു, സിന്ധു ജിജോ, ബബിത മത്തായി, റിന്‍സ് റോയി, ലിസി പോള്‍, നിഷ ഡേവിസ്, വത്സ ജോര്‍ജ്, സൈനുമോള്‍ രാജേഷ് എന്നിവര്‍ പറഞ്ഞു.
