കോതമംഗലം: വെസ്റ്റ്നൈൽ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ പടർന്നു പിടിക്കുവാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിലുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. വാർഡ് കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എംബിഎംഎം നഴ്സിംഗ് വിദ്യാർത്ഥികൾ, വോളണ്ടിയർമാർ എന്നിവർ അടങ്ങിയ 50 അംഗ സംഘം 15 ദിവസംകൊണ്ട് നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളും സന്ദർശിച്ച് ഉറവിട നശീകരണവും, ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നഗരസഭാ ചെയർമാൻ കെ കെ ടോമി ,സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാംപോൾ , കൗൺസിലർമാരായ സിബി സ്കറിയ , എൽദോസ് പോൾ എന്നിവർ പങ്കെടുത്തു. രോഗ പ്രതിരോധ പ്രർത്തനങ്ങൾ ശക്തമാക്കുന്നതിന് നഗരസഭാ ചെയർമാൻ കെ കെ ടോമി, ചെയർമാനായും, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാംപോൾ മെമ്പർ സെക്രട്ടറിയുമായി, പ്രാദേശിക പൊതുജനാരോഗ്യ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നഗരസഭയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും കൊതുകിന്റെ കൂത്താടി വളരുന്ന സാഹചര്യം കണ്ടെത്തിയാൽ കേസ് എടുക്കുമെന്നും കൂടാതെ പിഴ ഈടാക്കുമെന്നും ചെയർമാൻ അറിയിച്ചു.