കോതമംഗലം: കോതമംഗലം നഗരസഭ ക്രിമിറ്റോറിയം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി ഡി ജെ എസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ഉപവാസ സമരം ജില്ല പ്രസിഡൻ്റ് എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സർക്കാർ തീരുമാനം ഉണ്ടായിട്ടും തൊട്ടടുത്ത മുനിസിപ്പാലിറ്റികൾ ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയം നിർമ്മിച്ചിട്ടും കോതമംഗലം നഗരസഭ നാളിതുവരെ ഇതിന് ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും ഇത് ഇവിടുത്തെ ദളിതൻ്റെയും പിന്നോക്കക്കാരൻ്റെയും ആവശ്യമായതുകൊണ്ടാണ് ബി ഡി ജെ എസ് ഈ സമരം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതെന്നും ഇതൊരു സൂചനാ സമരമാണെന്നും ക്രിമിറ്റോറിയം നിർമ്മിക്കുന്നതുവരെ സമര രംഗത്ത് ബി ഡി ജെ എസ് ഉണ്ടാകുമെന്നും ഉദ്ഘാന പ്രസംഗത്തിൽ എബി ജയപ്രകാശ് പറഞ്ഞു.
പാവപ്പെട്ട ഹൈന്ദവ കുടുബങ്ങളിൽ ഒരു മരണം നടന്നാൽ സംസ്കാരം നടത്തുന്നതിനായി തൊടുപുഴയിലും കാലടിയിലും നീലീശ്വരത്തും പോകേണ്ട ഗതികേടിലാണ്. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിന് ബി ഡി ജെ എസ് ജില്ലാ വൈസ്പ്രസിഡൻ്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ സെക്രട്ടറിമാരായ എം.കെ.ചന്ദ്രബോസ്, ഷൈൻ കൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എ.സോമൻ, ദേവരാജൻ , പി.വി.വാസു, എം.ബി തിലകൻ, ബിജു പുന്നേക്കാട്, സഞ്ജീവ് നേര്യമംഗലം, രാജേഷ് വാരപ്പെട്ടി, പ്രശാന്ത് നെല്ലിമറ്റം, വിനോദ് കോട്ടപ്പടി, തുടങ്ങിയവർ പ്രസംഗിച്ചു.