കോതമംഗലം: കോതമംഗലത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം. കോതമംഗലത്ത് നിരന്തരമായി മോഷണ പരമ്പരകൾ അരങ്ങേറിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് വ്യാപാരി സംഘടനകൾ. ഇന്ന് പുലർച്ചെയാണ് കോതമംഗലം കോളേജ് റോഡിൽ ജവഹർ തീയറ്ററിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ കെയർ എന്ന സ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയിൽ കണ്ടത്. കടയുടെ ഷട്ടറിൻ്റെ അടിഭാഗം തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. കടയിലെ വില കൂടിയ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ കടയുടമ വീട്ടിലേക്ക് മാറ്റിയിരുന്നതിനാൽ വൻ നഷ്ടം ഒഴിവായി. ഏതാനും സ്മാർട്ട് വാച്ചുകളും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.
ലോക്ക് ഡൗൺ ആയതു കൊണ്ട് പ്രദേശത്തെ മുഴുവൻ കടകളും അടഞ്ഞുകിടക്കുന്നത് സൗകര്യമാക്കിയാണ് കള്ളൻമാർ ഷട്ടർ പൊളിച്ച് അകത്ത് കടന്നത്. കോതമംഗലം ടൗണിൻ്റെ ഈ ഭാഗത്ത് മോഷണ പരമ്പരകൾ അരങ്ങേറിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് വ്യാപാരികൾ ചൂണ്ടികാട്ടി. ടൗണിൻ്റെ പ്രധാന ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും, പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി മൊയ്തീൻ ഇഞ്ചക്കുടി പറഞ്ഞു.