കോതമംഗലം: മാതിരപ്പള്ളി പള്ളിപ്പടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി വാരിക്കോലിൽവാര്യം വീട്ടിൽ ഗോപാലകൃഷണ വാര്യരുടെ മകൻ പ്രദീപ് ജി(47) ആണ് മരണമടഞ്ഞത്. കൂട്ടുകാർക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയതാണ് എന്ന് കരുതുന്ന പ്രദീപ് ഒഴുക്കിൽ അകപ്പെടുകയായിരുന്നു. സമീപവാസികൾ കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയും, തുടർന്ന് സ്‌കൂബ ടീം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പതിനഞ്ചു അടി താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നിയമനടപടികൾ സ്വീകരിക്കുകയും അസ്വഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്‌തു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തുടർനടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
