കോതമംഗലം : ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. മെയ് മാസം 24 ആം തീയതി മുതൽ ജൂൺ മൂന്നാം തീയതി വരെ നീണ്ടുനിന്ന മത്സരത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ സിദ്ധാർത് എ. കെ, ശ്രീകാന്ത് കെ, ആകാശ് എം വർഗീസ്, ആനന്ദ് കൃഷ്ണ കെ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം നേടി. അരുൺജിത്ത്, സ്നേഹ കെ എന്നിവർ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കി.വനിതാ വിഭാഗം 400 മീറ്റർ വ്യക്തിഗതയിനത്തിൽ സ്നേഹ. കെ.വെങ്കലവും കരസ്ഥമാക്കിയപ്പോൾ, സ്നേഹ അടങ്ങുന്ന എംജി സർവ്വകലാശാല4×400 മീറ്റർ വനിത റിലേ ടീം സ്വർണ്ണവും നേടി . ജൂനിയർ നാഷണൽ ചാമ്പ്യനായ ബിലൻ ജോർജ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ വെങ്കലം നേടി. എം.എ കോളേജിന്റെ 10 താരങ്ങൾ അടങ്ങിയ എം.ജി സർവ്വകലാശാല പുരുഷ ഫുട്ബോൾ ടീം വെങ്കലമെഡലും നേടിയതോടെ മെഡൽ പട്ടികയിൽ എം. എ കോളേജിന്റെ 17 താരങ്ങൾ ഇടം പിടിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് 32 താരങ്ങളാണ് കോതമംഗലം എം. എ കോളേജിൽ നിന്നും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനായി ലക്‌നോവിൽ കുപ്പായം അണിഞ്ഞത്. കായിക താരങ്ങൾക്കൊപ്പം എം. എ കോളേജിലെ പരിശീലകരായ അത്‌ലറ്റിക് കോച്ച് ഡോ. ജോർജ് ഇമ്മാനുവൽ, പി പി പോൾ, എം. എ ജോർജ്, അഖിൽ കെ. പി, നീന്തൽ പരിശീലകൻ വേണുഗോപാലൻ നായർ,എം. എ. കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ പ്രൊഫ. ഹാരി ബെന്നി എന്നിവരും എം ജി സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു.
ചാമ്പ്യൻഷിപ്പിൽ മുൻ വർഷങ്ങളിൽ നിന്നും തിളക്കമാർന്ന പ്രകടനത്തോടെ എം.ജി സർവ്വകലാശാല ഏഴാം സ്ഥാനം കരസ്ഥമാക്കി. വിജയികളെയും പരിശീലകരെയും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എന്നിവർ അഭിനന്ദിച്ചു.
ചിത്രം : ലക്നോവിൽ വച്ചു നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച കോതമംഗലം എം. എ. കോളേജ് കായിക താരങ്ങൾ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പരിശീലകരായ വേണുഗോപാലൻ നായർ, അഖിൽ കെ. പി, ഡോ.ജോർജ് ഇമ്മാനുവൽ,പ്രൊഫ.ഹാരി ബെന്നി, എം. എ. ജോർജ് എന്നിവരോടൊപ്പം