കോതമംഗലം : കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 45 – മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സുവോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അൽത്താഫിനു സ്വർണ്ണം.80-90 കിലോ പാര വിഭാഗത്തിലാണ് അൽത്താഫ് ജേതാവായത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ വെള്ളിയും, ദേശീയ തലത്തിൽ വെങ്കലവും നേടിയിരുന്നു.
65% വലതു കാലിനും, കൈക്കുമുള്ള തന്റെ ശാരീരിക വെല്ലുവിളിയെ കൈകരുത്തിലൂടെ വിജയമാക്കിയ അൽത്താഫ്, മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വാകപറ്റ വീട്ടിൽ സെമീർ – ഷെജീന ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് .കോലഞ്ചേരിയിൽ വച്ചു നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ, ജൂനിയർ, മാസ്റ്റേഴ്സ്, ഗ്രാൻഡ് മാസ്റ്റേഴ്സ്, പാര വിഭാഗങ്ങളിലായി ആയിരത്തിൽ പരം താരങ്ങളാണ് തങ്ങളുടെ കൈകരുത്ത് പ്രകടിപ്പിച്ചത്.കഴിഞ്ഞ വർഷം തുർക്കിയിൽ വച്ചു നടന്ന അന്തർ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുവെങ്കിലും യാത്രയിനത്തിലും മറ്റും ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുന്നതിനാൽ പിന്മാറുകയായിരുന്നു.
മികച്ച ചിത്രകാരനും, സൈക്കിളിങ് താരവുമായ അൽത്താഫ് മെയ് മാസത്തിൽ കാശ്മീരിൽ വച്ച് നടക്കാനിരിക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തിളക്കമാർന്ന നേട്ടം കൈവരിച്ച അൽത്താഫിനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വര്ഗീസ്, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.
ചിത്രം : സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് അൽത്താഫ്.