കോതമംഗലം: സാമൂഹിക അവബോധമുള്ള വിദ്യാർത്ഥികളെ രൂപപ്പെടുത്താനുള്ള ബാധ്യത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടെന്ന് പരി. പാത്രിയാർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി മർക്കോസ് മാർ ക്രിസ്റ്റഫോറസ്. നമുക്ക് ലഭിക്കുന്ന പരിജ്ഞാനം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കണം. എനിക്ക് എന്ത് ലഭിക്കുന്നു എന്നോർക്കാതെ സമൂഹത്തിന് എന്ത് നൽകാൻ കഴിയും എന്ന് ചിന്തിക്കുന്ന വിദ്യാർത്ഥികളെയാണ് നമ്മൾ രൂപപ്പെടുത്തേണ്ടത്. വിദ്യാർത്ഥികളാണ് നാളത്തെ ലോകത്തിന്റെ പുനർ നിർമ്മിതിക്ക് തയ്യാറെടുക്കുന്നവർ. അവിടെയാണ് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തി. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ പല വീടുകളിലും താമസിക്കാൻ ആളുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ 14 വിദേശ രാജ്യ ചാപ്റ്ററുകളിൽ നിന്നടക്കം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ‘ഗ്ലോബൽ അലുമ്നി മീറ്റ്’, ഇന്റർനാഷണൽ കോൺഫറൻസുകൾ, ദേശീയ തലത്തിലുള്ള സെമിനാറുകൾ ടെക്നിക്കൽ ഫെസ്റ്റ്, എക്സിബിഷൻ, വിവിധ കൾചറൻ പ്രോഗ്രാമുകൾ, തുടങ്ങി വിപുലമായ പരിപാടികൾ ആണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. 1961 ൽ 120 വിദ്യാർത്ഥികളും 30 ജീവനക്കാരുമായി ആരംഭിച്ച ഏഷ്യയിലെ ആദ്യ ക്രിസ്റ്റ്യൻ എഞ്ചിനീയറിംഗ് കോളേജിൽ ഇന്ന് 2700 വിദ്യാർത്ഥികളും 300 ജീവനക്കാരും ഉണ്ട്. തുടക്കത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ 3 ബ്രാഞ്ചു കൾ മാത്രമുണ്ടായിരുന്ന കോളേജിൽ ഇന്ന് 7 എഞ്ചിനീയറിംഗ് ബിരുദ കോഴ്സു കളും 8 ബിരുദാനന്തര കോഴ്സുകളും പിഎച്ച്ഡി ബിരുദത്തിനായുള്ള റിസർച്ച് സൗകര്യങ്ങളും ഉണ്ട്.
കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ, നവാഭിഷിക്തനായ മർക്കോസ് മാർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്തയ്ക്ക് കോളേജിൽ വിപുലമായ സ്വീകരണവും നൽകി. ചടങ്ങിൽ എം. എ കോളേജ് അസ്സോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, വൈസ് ചെയർമാൻ എ. ജി ജോർജ്ജ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ്, പ്രൊഫ. നീന സണ്ണി, ഡോ. കെ എം ലൗലി, ഡോ. സണ്ണി കെ ജോർജ്ജ്, അഭിറാം ജി, പ്രൊഫ. ബൈബിൻ പോൾ എന്നിവർ സംസാരിച്ചു.