കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ മൂന്നാം വാർഡിലെ ലത്തീൻ പള്ളിപ്പടി – കുടമുണ്ട റോഡ് വികസനത്തിന് തുടക്കമായി. കോതമംഗലം – വാഴക്കുളം റോഡിനെയും കോതമംഗലം – പോത്താനിക്കാട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള ഒരു ഗ്രാമീണ റോഡ് ആണിത്.റോഡിന് വീതി വർധിപ്പിക്കണം എന്നുള്ളത് ഏറെ വർഷങ്ങൾ ആയിട്ടുള്ള ഒരു ആവശ്യമായിരുന്നു. ഇതിനാണ് പ്രദേശവാസികളുടെ സഹകരണത്തോടുകൂടി ഇപ്പോൾ സാധ്യമായിട്ടുള്ളത്.റോഡിന് ആവശ്യമായ 20 അടി വീതിയിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്.ഇരു വശങ്ങളിലും ആവശ്യമായി വരുന്ന സ്ഥലം പ്രദേശവാസികൾ തന്നെ സൗജന്യമായി നൽകിയാണ് റോഡ് വികസനത്തിന് തുടക്കമായത്.റോഡ് വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം എയ്ഞ്ചൽ മേരി ജോബി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം എം എസ് ബെന്നി,മുൻസിപ്പൽ കൗൺസിൽ അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്,ജോബി ആൻ്റണി,സജി തെക്കേകുന്നേൽ,ജോബി കുര്യയ്പ്പ്,അലക്സ് തെക്കേകുന്നേൽ,സാവിയോ മണ്ഡപത്തിൽ,മാത്യു അടിച്ചിലമാക്കൽ,ചെറിയാൻ തെക്കേക്കുന്നേൽ,പോളി എടയ്ക്കാട്ടുകുടി,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
