കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി സബ് ഡിപ്പോയിലേക്ക് സമയവിവരം അറിയാൻ വിളിക്കുന്ന യാത്രക്കാരുടെ സ്ഥിരം പരാതിയായിരുന്നു വിളിച്ചാൽ ഫോൺ എടുക്കില്ലായെന്നത്. ഇതിന് പരിഹാരമാണ് കോതമംഗലം ജനകീയ കൂട്ടായിമയുടെ ഇടപെടൽ മൂലം സാധ്യമായത്. കോതമംഗലം ജനകീയ കൂട്ടായിമയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന പരാതിയെ തുടർന്ന് ഈ വിഷയം ജനകീയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഡോ. ബാബു പോളിന്റെയും , കോതമംഗലം എം എൽ എ ആന്റണി ജോണിന്റെയും ശ്രദ്ധയിൽ പെടുത്തി.
ഇതിനെ തുടർന്ന് അടിയന്തിര ഇടപെടലിലൂടെ ഈ വിഷയത്തിൽ ഗതാഗത മന്ത്രിയുടെ ഓഫീസ് ഇടപെടുകയും, ഇപ്പൊൾ രണ്ടാമത്തെ ബെല്ലിന് തന്നെ കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലെ ഫോൺ ഇവിടുത്തെ ഉദ്യോഗസ്ഥർ എടുത്തു തുടങ്ങി. ഇതോടൊപ്പം ജനകീയ കൂട്ടായ്മ ഭാരവാഹികൾ നിരന്തരം ആവശ്യപ്പെട്ടിരുന്ന കോതമംഗലം -തിരുവനന്തപുരം ലോഫ്ലോർ AC ബസ് അനുവദിച്ചു തരാമെന്നും ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ഉറപ്പ് നൽകി. ജനകീയ ഇടപെടലുകൾ ഫലം കണ്ടു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ.ഈ വിഷയങ്ങളിൽ ആദ്മാർത്ഥമായ ഇടപെടലുകൾ നടത്തിയ MLA ആന്റണി ജോണിനെയും, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഡോ. ബാബു പോളിനെയും കോതമംഗലം ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു.