കോതമംഗലം: അമ്മയോടൊത്ത് കോതമംഗലം കോഴിപ്പിള്ളി പുഴയിൽ ശനിയാഴ്ച കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥിനി മരിയ(15) മുങ്ങിമരിച്ചതിന് പിന്നാലെ ഞായറാഴ്ച അമ്മ ജോമിനിയും (39) മരണത്തിനു കീഴടങ്ങി. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ അബിയുടെ മകൾ മരിയയാണ് ശനിയാഴ്ച മുങ്ങി മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മാതാവ് ജോമിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അപകടം നടന്നത്. കോഴിപ്പിള്ളി പുഴയിലെ ചെക്ക്ഡാമിന്സമീപം ജോമിനിയും രണ്ട് മക്കളും കുളിക്കുന്നതിനിടെ മരിയ ഒഴുക്കിൽപ്പെടുകയായിരുന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോമിനിയും മുങ്ങിപ്പോയി. ഇളയമകൾ ജൂലിയയുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിയ ശനിയാഴ്ച വൈകിട്ടോടെ തന്നെ മരിച്ചു. മാതാവ് ജോമിനി ഇന്ന് ഞായറാഴ്ച രാജഗിരി ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങി. മരിയ കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
