കോതമംഗലം : ടാറിങ് കഴിഞ്ഞതിന്റെ മൂന്നാംപക്കം മഴയത്ത് റോഡ് ഒലിച്ചുപോയി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും സാക്ഷിയായ റോഡാണ് ഊരംകുഴി കോട്ടപ്പടി കണ്ണക്കടറോഡ്. 2018 ൽ നിർമ്മാണം ആരംഭിച്ച ഈറോഡ് 2021 ആയിട്ടും പൂർണമായും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അതിനിടയിലാണ് കോട്ടപ്പടി കണ്ണക്കട റോഡിൽ കല്ലുളി ഭാഗത്ത് റോഡ് ഒലിച്ചു പോയത്. ബിഎംബിസി നിലവാരത്തിൽ പൂർത്തീകരിച്ചു എന്ന് അവകാശപ്പെടുന്ന റോഡാണ് ഒരു മഴയത്ത് ഒലിച്ചു പോയത് എന്നതും ശ്രദ്ധേയമാണ്. നിലവിൽ ടാറിങ് പൂർത്തീകരിച്ച പലഭാഗത്തും റോഡുകൾ പൊളിഞ്ഞു തുടങ്ങിയത് നിർമ്മാണത്തിലെ കൃത്രിമത്വം ആണ് ചൂണ്ടിക്കാണിക്കുന്നത്.
ടാറിങ് കഴിഞ്ഞതിനെ പിറ്റേദിവസം തന്നെ കോട്ടപ്പടി ഹൈസ്കൂൾ ജംഗ്ഷനിലെ ടാറിങ് പൊളിഞ്ഞു പോയത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ബിഎംബി സി നിലവാരമെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും ഇതുവരെയും ഊരംകുഴി കണ്ണക്കട റോഡിന്റെ പണി പല മേഖലയിലും പൂർത്തീകരിക്കാൻ ഉണ്ട്. നിലവിൽ കല്ലുമല കയറ്റത്തിന്റെ ഭാഗത്ത് യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താതെയാണ് റോഡ് പണി പൂർത്തീകരിച്ചു എന്ന് അധികാരികൾ അവകാശപ്പെടുന്നത്.
നീണ്ട വർഷങ്ങളുടെ സമരത്തിന്റെ ഭാഗമായിട്ടാണ് റോഡ് പണി ആരംഭിക്കാൻ കഴിഞ്ഞത്. റോഡിലുള്ള അപാകത ഉടനെ മാറ്റിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് കോട്ടപ്പടിയിലെ ജനങ്ങൾ. ടോറസ് ഉൾപ്പെടുള്ള ഭാരവാഹനങ്ങൾ ഈ റോഡിലൂടെ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണെന്ന പഞ്ചായത്ത് അധികാരികളുടെ അനൗദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടുകൂടി റോഡ് പണിയുടെ പേരിലുള്ള വിഴുപ്പലക്കലുകൾ പൊതുജനങ്ങളുടെ ഇടയിൽ അവമതിപ്പിന് ഇടവരുത്തിയിരിക്കുകയാണ്.