കോതമംഗലം: കാലവർഷ കാലത്തും കാട്ടാനകളുടെ പരാക്രമം ആശങ്കയോടെ കർഷകർ.
ഇന്നലെ പിണ്ടിമന പ്രദേശത്താണ് കാട്ടാനയുടെ വിളയാട്ടം നടന്നത്. ആനയുടെ കടന്നുകയറ്റം തടയാൻ വനം വകുപ്പും കൃഷിനാശത്തിനും കന്നുകാലികളെ കൊന്നൊടുക്കുന്നതിനും നഷ്ടപരിഹാരം നൽകാൻ കൃഷി, മൃഗസംരക്ഷണ വകുപ്പുകളും നടപടി എടുക്കുന്നില്ല.
ഭയന്നു പിൻമാറുന്ന കൃഷി, ക്ഷീര കർഷകരുടെ പ്രശ്നത്തിനു പരിഹാരം കാണാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.
പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ പൈനാപ്പിള്ളിൽ തങ്കച്ചന്റെ അരയേക്കറിലെ കപ്പകൃഷിയും പൈനാപ്പിള്ളിൽ ജോയി, കളമ്പാട്ട് ജോസഫ്, കോട്ടയ്ക്കൽ ജോഷി, വരാപ്പിള്ളിൽ ഷിജു എന്നിവരുടെ കൃഷിയിടത്തിലും കഴിഞ്ഞ രാത്രി ആന നാശം വരുത്തി. കൃഷിയിടത്തിലെ കയ്യാലയും കമ്പിവേലിയും ഇരുമ്പു ഗെയ്റ്റുമെല്ലാം ആനകൾ തകർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നേര്യമംഗലം ഫാമിൽ പുഴ നീന്തി കടന്നെത്തിയ കാട്ടാനയുടെ പരാക്രമത്തിൽ വൻ നാശമാണ് ഉണ്ടായത്.
കഴിഞ്ഞ ആഴ്ച കോട്ടപ്പടിയിൽ ഏഴ് ആനകൾ ഒന്നിനു പിറകെ ഒന്നായി വന്ന് വ്യാപകമായി കൃഷി നശിപ്പിച്ചു. കോട്ടപ്പടി വാവേലി ഭാഗത്തായിരുന്നു കാട്ടാന കൂട്ടത്തിൻ്റെ കടന്നു കയറ്റം.
റബർ, തെങ്ങ്, ഏത്തവാഴ, മഞ്ഞൾ തുടങ്ങിയ കൃഷി കാട്ടാനകൾ നശിപ്പിച്ചു. വേനൽ ശക്തമാകുമ്പോൾ വെള്ളം തേടി കാട്ടാനകൾ ഇറങ്ങി വരാറുണ്ട്. വനത്തിൽ കാട്ടാനകൾ പെരുകിയതും ആവശ്യത്തിന് ഭക്ഷ്യ വിഭവങ്ങൾ കിട്ടാത്തതുമാണ് കാട്ടാന കാടിറങ്ങാൻ കാരണമെന്നും കർഷകർ പറഞ്ഞു.
ആന മതിൽ, കിടങ്ങ് എന്നിവ നിർമിച്ച് ആനശല്യത്തിൽ നിന്നു കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. നോബിൾ മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, മെമ്പർമാരായ മെരി പിറ്റർ, ജീൻസ് മാത്യു, ഷിബി പോൾ, ജോസ് കൈതക്കൽ, എൻ.വി. ബഷീർ, സി.ടി, കുര്യാക്കോസ്, ജോർജ്ജ് കുട്ടി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.