കോതമംഗലം : കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020-21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലെ കർഷക അവാർഡ് വിതരണവും, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസ്സാൻ മേളയും കോതമംഗലത്ത് നടന്നു.എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന ചടങ്ങിൽ അവാർഡ് വിതരണത്തിൻ്റേയും ബ്ലോക്ക്തല കിസ്സാൻ ,മേളയുടേയും ഉത്ഘാടനം ആൻ്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്സ്, വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ്, നിസാമോൾ ഇസ്മയിൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജെസ്സി സാജു, വി.സി.ചാക്കോ, സീമ സിബി, പി.കെ.ചന്ദ്രശേഖരൻ നായർ, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.എം.ബബിത പദ്ധതി വിശദീകരണം നടത്തി.
സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി സംബന്ധിച്ച് എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഷോജി ജോയ് എഡിസൺ ക്ലാസെടുത്തു. ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലെ കർഷക ഗ്രൂപ്പുകൾ തയ്യാറാക്കിയ ജൈവവളങ്ങളുടേയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടേയും പ്രദർശനവും, വിൽപ്പനയും, നേര്യമംഗലം ഫാമിൻ്റെ ഉൾപ്പെടെയുള്ള പ്രദർശന സ്റ്റാളുകളും കിസ്സാൻ മേളക്ക് കൊഴുപ്പേകി.ഞങ്ങളും കൃഷിയിലേക്ക് എന്ന സന്ദേശമുയർത്തിക്കൊണ്ട് കർഷകർക്ക് സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും നടത്തി. കർഷകർക്ക് സൗജന്യ മണ്ണുപരിശോധനയും മേളയോടനുബന്ധിച്ച് ഉണ്ടായിരുന്നു.
ജില്ലയിൽ കാർഷിക മേഖലയിൽ വിവിധങ്ങളായ കഴിവുകൾ തെളിയിച്ച കൃഷി വകുപ്പിൻ്റെ അവാർഡിന് അർഹരായ മികച്ച കർഷകരെയും, വിദ്യാർത്ഥികളേയും സ്ഥാപനങ്ങളേയും, കൃഷി ഉദ്യോഗസ്ഥരേയും ചടങ്ങിൽ ആദരിച്ചു. മേളയുടെ ഭാഗമായുള്ള പഞ്ചായത്ത്തല പ്രദർശന സ്റ്റാളുകളുടെ മത്സരത്തിൽ പിണ്ടിമന കൃഷിഭവൻ ഒന്നാം സ്ഥാനവും നെല്ലിക്കുഴി കൃഷിഭവൻ, പല്ലാരിമംഗലം കൃഷിഭവൻ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുനിസിപ്പൽ വൈസ് ചെയർപെഴ്സൺ സിന്ധു ഗണേഷൻ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു നന്ദിയും പറഞ്ഞു.
ഫോട്ടോ: കൃഷി വകുപ്പുപ്പിൻ്റെ ജില്ലാതല അവാർഡ് വിതരണവും, ബ്ലോക്ക് തല കിസ്സാൻ മേളയും ആൻ്റണി ജോൺ എം എൽ.എ ഉത്ഘാടനം ഉത്ഘാടനം ചെയ്യുന്നു.
