കോതമംഗലം: പേപ്പർ ക്രാഫ്റ്റിൽ വർണ്ണ വിസ്മയം തീർക്കുകയാണ് ജോണും, ജോആനും.
ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് സ്മാർട്ട് ഗെയിമുകൾ കളിച്ചു സമയം കളയാതെ തങ്ങളുടെ ഉള്ളിൽ ഒളിച്ചുകിടന്ന കഴിവുകളെ ഉണർത്തിയെടുക്കുകയാണ് ഈ ഇരട്ടകുട്ടികൾ. കൊറോണ തുടങ്ങി പെട്ടന്നുള്ള ലോക്ഡൗണ്‍ മൂലം സ്കൂൾ അടച്ചപ്പോൾ ക്ലാസ്സില്ലാത്ത സമയങ്ങൾ എങ്ങനെ തള്ളി നീക്കും എന്നാലോചനയിലാണ് പാഴായി പോകുന്ന പേപ്പർ കൊണ്ടുള്ള കരകൗശല വസ്തുക്കൾ ഉണ്ടാക്കി തുടങ്ങിയത്. ലോക് ഡൗൺ വിരസത ഒഴിവാക്കുവാനും ടി.വി കാണുന്നത് കുറയ്ക്കുവാനും വേണ്ടി മാതാപിതാക്കൾ പറഞ്ഞു കൊടുത്ത വഴിയാണ് ഈ കുരുന്നുകൾ ഇപ്പോൾ കൗതുകമുള്ള കലാസൃഷ്ടികളായി മാറ്റുന്നത്. തങ്കളം മേലേത്ത് വിനോദ്- അലിൻ ദമ്പതികളുടെ മക്കളാണ്. ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഈ ഇരട്ടകൾ.
യൂട്യൂബ് നോക്കിയും അല്ലാതെയുമാണ് ഈ കുരുന്നുകൾ ക്രാഫ്റ്റ്സ് ഉണ്ടാക്കുന്നത്. സ്വന്തം കിടപ്പ് മുറി മുതൽ ബുർജ് ഖലീഫ മാതൃക വരെ ഉണ്ടാക്കിയിട്ടുണ്ട്. പേപ്പർ ക്രാഫ്റ്റ്, കൂടാതെ ബോട്ടിൽ ആർട്ട്, പൈയിന്റിങ്, മൈക്രോ ഗ്രീൻ എന്നിവ കൂടി ചെയ്യുന്നുണ്ട് ഈ കുരുന്നുകൾ. ഇവ തന്നെയാണ് ഇവരുടെ ഇഷ്ട വിനോദങ്ങളും. ഓണ്‍ലൈൻ പഠനം ആരംഭിച്ചതോടെ ഇപ്പോൾ ഒഴിവു സമയങ്ങളിൽ മാത്രമാണ് ഇവരുടെ കലാവിരുത്. മാതാപിതാക്കളും കുടുംബാംഗങ്ങളും പ്രോത്സാഹനവുമായി ഈ കുരുന്നുകൾക്കൊപ്പമുണ്ട്.