കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം വെള്ളമുണ്ടായിരുന്നു. പ്രദേശവാസിയായ ഡിയോൺ എൽദോസിൻ്റെ പോത്താണ് 11 മണിയോടെ കിണറ്റിൽ വീണത്.വീതി കുറഞ്ഞ കിണറിൽ നിന്ന് പോത്തിനെ രക്ഷപെടുത്തുന്നത് ഏറെ ശ്രമകരമായിരുന്നു. സേന അംഗങ്ങൾ കിണറിലിറങ്ങി റോപ്പും, കയറുമുപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷപെടുത്തിയത്. പോത്തിന് ചെറിയ പരിക്കുകൾ ഉണ്ട്. സേന അംഗങ്ങളായ റഷീദ്, ദീപേഷ്, സായി, രജീഷ് ,സുബ്രഹ്മണ്യൻ, ബിനു, വിൽസൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.



























































