- ബിബിൻ പോൾ എബ്രഹാം
കോതമംഗലം : ഇന്ന് രാവിലെ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് കാർഡ് സ്ക്രീനിംഗ് ടെസ്റ്റിലൂടെ എച്ച്1എൻ1 രോഗബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ സ്വമേധ്യ ബാങ്കിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു. കോതമംഗലം ചെറിയ പള്ളി താഴത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ പ്രവർത്തനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ബാങ്കിന്റെ മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും, അണുനാശിനി ഉപയോഗിച്ച് ബാങ്ക് ക്ലീൻ ചെയ്യുകയും , ഉപഭോക്താക്കളോട് സാമൂഹിക അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയുമായിരുന്നു. രോഗബാധിതരായ ജീവനക്കാരെയും പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെയും ഒഴിവാക്കിയാണ് ഇന്ന് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.
ഉപഭോക്താക്കൾ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിലെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയുമായിരുന്നു. ബാങ്കിലെ ശീതീകരണ സംവിധാനങ്ങളുടെ പ്രവർത്തനം നിർത്തിക്കുകയും , പ്രധാന വാതിലും ജനാലകളും തുറന്നിടുവാനും , ബാങ്കിന്റെ പ്രവർത്തനം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുവാൻ നിർദ്ദേശിക്കുകയുമായിരുന്നു.
ഇന്‍ഫ്ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന എച്ച്1എൻ1 ബാധ കോതമംഗലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പനി, തുമ്മല്‍, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദ്ദി എന്നി രോഗലക്ഷണങ്ങൾ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സ തേടണമെന്നും രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കണമെന്ന് കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ അറിയിച്ചു.
വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ , ലിങ്ക് ഉപയോഗിക്കുക.. 👇
https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS