കോതമംഗലം : കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഉച്ചക്ക് സംശയാസ്പദമായ രീതിയിൽ കണ്ട പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ കോതമംഗലം റവന്യൂ ടവറിനും പരിസര പ്രദേശത്തും വൈകുന്നേരങ്ങളിലും രാത്രിയിലും വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായ വിവരം കിട്ടിയിരുന്നു. ഇതേ തുടർന്നു എക്സ്സൈസ് ഷാഡോ ടീമിനെ ഇവിടങ്ങളിൽ വിന്യസിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ അസം നാഘോൺ സ്വദേശി ഷകൂർ അലി (32) 563 കുപ്പികളിലായി ബ്രൗൺ ഷുഗറുമായി പിടിയിലായത്.
കോതമംഗലത്തു ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടത്തിയത്. പ്രതി ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്തു വന്നു വില്പന നടത്തിയതായും വിവരം കിട്ടിയിരുന്നു. അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയയിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും. റെയ്‌ഡിന് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം പി ഓ. K A നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവർ നേതൃത്വം നൽകി.