കോതമംഗലം : വ്യാജ വാർത്തയുടെ ഇരയായി മാറിയ കോതമംഗലം സി.ഐയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ ആന്‍റിബോഡി ബ്ലഡ് ടെസ്റ്റില്‍ ചില വ്യതിയാനങ്ങൾ കാണിച്ചതിനെ തുടര്‍ന്ന് സി.ഐ യോട് താൽക്കാലികമായി ക്വാറന്റൈനിൽ പോകുവാൻ ആരോഗ്യവകുപ്പ് ജീവനക്കാർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ചില ദൃശ്യ മാധ്യമങ്ങളും, കോതമംഗലത്തെ ചില ഫേസ്ബുക്ക് പേജുകളും വസ്തുതകൾ മനസ്സിലാക്കാതെ സി.ഐക്ക് കോവിഡ് പോസിറ്റീവ് ആണന്ന തരത്തില്‍ വ്യാജപ്രചരണം നവമാധ്യമങ്ങൾ വഴി അഴിച്ച് വിടുകയായിരുന്നു.
കേരളത്തിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥന്മാരുടെയും കുടുംബത്തിന്റെയും സുരക്ഷയെ മുൻനിർത്തിയാണ് കോതമംഗലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആന്‍റീബോഡി ടെസ്റ്റിന് വിധേയരായത്. സി.ഐ അലർജിക്കുള്ള മരുന്ന് കഴിക്കുന്നതുകൊണ്ടാകാം പരിശോധനയിൽ വ്യത്യാസം കാണിച്ചത് എന്ന് അനുമാനിക്കുന്നു. ഇന്ന് സ്രവം എടുത്ത് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആകുകയായിരുന്നു. ഇത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സി.ഐ യെ അറിയിക്കുകയും ചെയ്‌തു. നാളെ മുതൽ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് സി.ഐ അനിൽ ബി കോതമംഗലം വാർത്തയോട് വെളിപ്പെടുത്തി. വ്യജ വാർത്തകളുടെ ഉറവിടത്തെ കുറിച്ച് താമസിക്കാതെ അന്വേഷിക്കുമെന്നുകൂടി സി.ഐ കൂട്ടിച്ചേർത്തു.
കോതമംഗലത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശവും കൂടി നൽകിയിരിക്കുകയാണ് പോലീസ്. കോൺടൈൻമെൻറ് പ്രദേശത്തുള്ളവർ കോതമംഗലം മുൻസിപ്പാലിറ്റി മേഖലയിൽ വരുകയോ കടകൾ തുറക്കുകയോ ജോലി ചെയ്യുകയോ ചെയ്താൽ കർശന നിയമനടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കി. സമ്പർക്ക വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ആവശ്യവും, അത്യാവശ്യവും തിരിച്ചറിഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് പരാതികളുമായി വരുവാൻ ശ്രദ്ധിക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു.