കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സ്നേഹ സാന്ത്വനം -2023 നടത്തപ്പെട്ടു. ഇടവകയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങായിരുന്നു സ്നേഹ സാന്ത്വനം -2023. വിവാഹ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളേയും 80 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങളേയും ഇടവക ആദരിച്ച് ഉപഹാരം സമർപ്പിച്ച് സ്നേഹ ബഹുമാനങ്ങൾ പങ്കുവെച്ചു . 2023 ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പള്ളിയകത്ത് ചേർന്ന യോഗം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്തു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് തിരുമനസ്സുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
കോതമംലം മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ അദ്ധ്യക്ഷത വഹിച്ചു. മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്ജ് ആശംസകൾ അർപ്പിച്ചു. മാർ തോമ ചെറിയ പള്ളി സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ പള്ളി ട്രസ്റ്റിമാരായ അഡ്വ. സി.ഐ. ബേബി, ബിനോയി തോമസ് മണ്ണംഞ്ചേരി എന്നിവർ പ്രസംഗിച്ചു. വന്നു ചേർന്ന എല്ലാവർക്കും സ്നേഹവിരുന്ന് നൽകി സ്നേഹ സാന്ത്വനം -2023 സമാപിച്ചു.