കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ തൻ്റെ സ്വകാര്യ വാഹനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ബോർഡ് വെച്ച് യാത്ര ചെയ്യുന്ന സംഭവം വിവാദമാകുന്നു. ഒദ്യോഗിക വാഹനം ആണന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാര – വ്യവസായ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നത് അധികാര ദുർവിനയോഗമാണന്ന് കാണിച്ചാണ് ആറ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ അടിയന്തിര യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് ഔദ്യോഗിക വാഹനമുള്ളപ്പോൾ സ്വകാര്യ വാഹനത്തിലും ബോർഡ് വെച്ച് യാത്ര ചെയ്യുന്നത് നിയമ ലംഘനമാണന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നത്.
സ്വകാര്യ വാഹനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ബോർഡ് വെച്ച് യാത്ര ചെയ്യുന്നത് ഒദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണന്ന് പാം ബഷീർ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പും, ഗ്രാമ വികസന കമ്മീഷനും നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് തന്റെ ഇന്നോവ ഒദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം മെമ്പർമാർ ആരോപിക്കുന്നത് പോലെ വാഹനം ഉപയോഗിച്ചുകൊണ്ട് പദവി ദുരുപയോഗം ചെയ്യുകയോ, വാഹനത്തിന്റെ പേരിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഇതുവരെ ഒരു രൂപ പോലും യാത്രാബത്തയായി വാങ്ങുകയോ ചെയ്തിട്ടില്ലന്നും പ്രിസിഡന്റ് വ്യക്തമാക്കുന്നു. തന്റെ പേരിൽ ഇതുവരെ ഒരു ആരോപണം പോലും ഉന്നയിക്കാൻ കഴിയാത്തതിന്റെ ജാള്യതയാണ് ഈ അടിയന്തിര യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് പാം ബഷീർ പറയുന്നു.