കോതമംഗലം : മലയാള ഭാഷ മലയാളികളെ പോലെ അനായസേന സംസാരിക്കുകയും അവ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ഉത്തർപ്രദേശ് ക്കാരി അധ്യാപികയുണ്ട് കോതമംഗലത്ത്. ഉത്തർ പ്രദേശിലെ സഹാറൻപൂർ ജില്ലയിൽ നിന്നുള്ള ആർഷി സലിം ഇപ്പോൾ കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ എഡ്യൂക്കേഷനൽ വോളിന്റീർ ആണ്(ഇ. വി ). കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കുന്നു. അതിഥി തൊഴിലാളികളുടെ മക്കൾക്കായി സമഗ്ര ശിക്ഷ കേരളം കോതമംഗലം,നെല്ലിക്കുഴിയിൽ സ്ഥാപിച്ച പ്രത്യക പഠന കേന്ദ്രത്തിൽ 15 ഓളം കുട്ടികളെയാണ് ആർഷി പഠിപ്പിക്കുന്നത്. പകർച്ചവ്യാധി സമയത്ത് സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ) ആരംഭിച്ച കേന്ദ്രത്തിൽ കേരളത്തിന് പുറത്ത് നിന്നുള്ള 30 ഓളം കുട്ടികൾ ഇപ്പോൾ മലയാളം പഠിക്കുന്നു.
ഇത്തരത്തിലുള്ള 41 പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകളില്ലാത്ത സ്കൂൾ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.
പൊതു വിദ്യാഭ്യാസ വകുപ്പിലെ എസ് എസ് എ യും,ആർ എം എസ് എ യും കൂടിച്ചേർന്നു 2018 ൽ ആണ് സമഗ്ര ശിക്ഷ കേരളം ആരംഭിച്ചത്.എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നതാണ് ഇതിന്റെ ലക്ഷ്യം തന്നെ.കുടിയേറ്റത്തൊഴിലാളികളുടെയും ആദിവാസി മേഖലകളിൽ നിന്നുള്ളവരുടെയും കുട്ടികൾ കൂടുതലും ഈ കേന്ദ്രങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.
നാലാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ കേരളത്തിലെത്തിയ ആർഷി നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽ മലയാളം പഠിച്ചു. പത്താം ക്ലാസ്സിലെ രണ്ട് മലയാളം പേപ്പറുകളിലും ഈ യു പി ക്കാരി A+ നേടി.പ്ലസ് ടു പഠനം ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു. നെല്ലികുഴിയിൽ മരപ്പണി ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി സലീമിന്റെയും, മെഹ്‌റുന്നിസയുടെയും 4 മക്കളിൽ മൂത്തയാളാണ് ആർഷി.
12 വർഷങ്ങൾക്ക് മുന്നെയാണ് ആര്ഷിയുടെ കുടുംബം കേരളത്തിൽ എത്തുന്നത്. ആ സമയത്ത് ആര്ഷിയെ മലയാളം വെള്ളം കുടിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും. ചില്ലറയൊന്നുമല്ല ഈ ഭാഷ ഈ അന്യ സംസ്ഥാനക്കാരിയെ കുഴപ്പിച്ചത്. ഇപ്പോൾ അടിപൊളിയായി എഴുതും, വായിക്കും. കൂടാതെ മലയാള പത്ര പാരായണവും ഉണ്ട്. “എനിക്ക് മലയാളികളെ പോലെ മലയാളം പഠിക്കാനും സംസാരിക്കാനും ആഗ്രഹമുണ്ടായിരുന്നു. അതിനാൽ, ഞാൻ സ്കൂളിൽ എന്റെ അധ്യാപകരെ സമീപിച്ചു, അവർ എന്നെ വളരെയധികം സഹായിച്ചു.
പ്രബോധന മാധ്യമം കൂടുതലും മലയാളമായ കേരളത്തിൽ വിദ്യാഭ്യാസം നേടാൻ ശ്രമിക്കുന്ന ഒരു ഇതരസംസ്ഥാന വിദ്യാർത്ഥിയുടെ ബുദ്ധിമുട്ടുകൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അതിനാൽ, ഞാൻ ഈ കേന്ദ്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു, ”ആർഷി പറയുന്നു.
കോതമംഗലത്തെ ബിആർസിയുടെ കീഴിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. അവിടെ മലയാളം സംസാരിക്കാനും എഴുതാനും കുടിയേറ്റ കുട്ടികൾ പരിശീലനം നേടുന്നു. യുപിയിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് പുറമേ, ആർഷിയുടെ കീഴിൽ പ്രത്യേക ക്ലാസുകൾ സ്വീകരിക്കുന്ന അസമിൽ നിന്നുള്ള വിദ്യാർത്ഥികളും ഉണ്ട്. ആർഷി ഈ ജോലിക്ക് പുറമെ ഒരു കമ്പ്യൂട്ടർ സെന്ററിൽ, കമ്പ്യൂട്ടർ പഠനവും ഉണ്ട്.